തങ്ങളുടെ സ്റ്റേഡിയം ആയ എമിറേറ്റ്‌സിന് മുന്നിൽ ഇതിഹാസ പരിശീലകൻ ആഴ്‌സൻ വെങറുടെ പ്രതിമ അനാവരണം ചെയ്തു ആഴ്‌സണൽ. 22 വർഷം ആഴ്‌സണൽ പരിശീലകൻ ആയ വെങർ ഈ കാലഘട്ടത്തിൽ ക്ലബിനെ വലിയ ഉയരങ്ങളിൽ എത്തിച്ചു. 17 കിരീടങ്ങൾ നേടുകയും ക്ലബിനെ യൂറോപ്പിലെ തന്നെ മികച്ച ക്ലബുകളിൽ ഒന്നായും മാറ്റിയത് വെങർ ആയിരുന്നു. സ്വർണ പ്രീമിയർ ലീഗ് പ്രതിമയും ആയി നിൽക്കുന്ന വെങർ പ്രതിമയാണ് ആഴ്‌സണൽ സ്ഥാപിച്ചത്.

എമിറേറ്റ്‌സ് സ്റ്റേഡിയം നിർമിക്കുന്നതിൽ അടക്കം വെങർ വഹിച്ച പങ്ക് വളരെ വലുത് ആയിരുന്നു. ആഴ്‌സണൽ ചരിത്രത്തിലെ തന്നെ ഏറ്റവും മഹാനായ പരിശീലകൻ ആയാണ് ഫ്രഞ്ച് പരിശീലകൻ പരിഗണിക്കപ്പെടുന്നത്. ആഴ്‌സണൽ എമിറേറ്റ്‌സ് സ്റ്റേഡിയത്തിനു പുറത്ത് സ്ഥാപിക്കുന്ന ആറാമത്തെ പ്രതിമ ആണ് ഇത്. നേരത്തെ ടോണി ആദംസ്, ഡെന്നിസ് ബെർകാമ്പ്, ഹെർബർട്ട് ചാപ്മാൻ, കെൻ ഫ്രിയാർ, തിയറി ഒൻറി എന്നിവരുടെ പ്രതിമകൾക്ക് ഒപ്പമാണ് വെങറുടെ പ്രതിമ സ്ഥാനം പിടിക്കുക.














