ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ തങ്ങളുടെ അവസാന മത്സരത്തിൽ വോൾവ്സിനെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്തു ആഴ്‌സണൽ. ഈ സീസൺ കഴിഞ്ഞാൽ ക്ലബ് വിടും എന്നു പ്രതീക്ഷിക്കുന്ന ഗ്രാനിറ്റ് ശാക്ക തന്റെ വിടവാങ്ങൽ മത്സരം അവിസ്മരണീയം ആക്കുന്നത് ആണ് കാണാൻ ആയത്. വലിയ ആഴ്‌സണൽ ആധിപത്യം കണ്ട മത്സരത്തിൽ 11 മത്തെ മിനിറ്റിൽ ആഴ്‌സണൽ ആദ്യ ഗോൾ നേടി. ഗബ്രിയേൽ ജീസുസിന്റെ ക്രോസിൽ നിന്നു മികച്ച ഹെഡറിലൂടെ ശാക്ക ആഴ്‌സണലിന് ആദ്യ ഗോൾ നേടി.
3 മിനിറ്റിനുള്ളിൽ സാകയും ഒഡഗാർഡും നടത്തിയ നീക്കത്തിന് ഒടുവിൽ ലഭിച്ച അവസരം അനായാസം ലക്ഷ്യത്തിൽ എത്തിച്ച ശാക്ക തന്റെ രണ്ടാം ഗോളും നേടി. 27 മത്തെ മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാഡിന്റെ പാസിൽ നിന്നു ഉഗ്രൻ ടീം ഗോൾ മികച്ച ഫിനിഷിലൂടെ കണ്ടത്തിയ ബുകയോ സാക തന്റെ പുതിയ കരാർ ഗോളിലൂടെ ആഘോഷിച്ചു. വോൾവ്സ് ചിത്രത്തിലെ ഇല്ലാത്ത മത്സരത്തിൽ രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ ട്രൊസാഡിന്റെ മറ്റൊരു ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ജീസുസ് ആഴ്‌സണലിന് നാലാം ഗോൾ നേടി നൽകി.
തുടർന്ന് കോർണറിൽ തോമസ് പാർട്ടി ഗോൾ നേടിയെങ്കിലും റഫറി വൈറ്റിന്റെ ഫൗൾ കാരണം ഈ ഗോൾ അനുവദിച്ചില്ല. എന്നാൽ 78 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു സ്മിത് റോയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ജേക്കബ് കിവിയോർ ക്ലബിന് ആയുള്ള തന്റെ ആദ്യ ഗോളിലൂടെ ആഴ്‌സണൽ ജയം പൂർത്തിയാക്കി. വോൾവ്സ് ഗോൾ കീപ്പർ ജോസെ സായുടെ പിഴവ് ആണ് ഈ ഗോളിന് വഴി തുറന്നത്. ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 5 പോയിന്റുകൾ പിറകിൽ രണ്ടാം സ്ഥാനക്കാർ ആയി ആഴ്‌സണൽ സീസൺ അവസാനിപ്പിച്ചു. അതേസമയം വോൾവ്സ് ലീഗിൽ 13 മത് ആയി ആണ് സീസൺ അവസാനിപ്പിച്ചത്.