ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2022-23 സീസൺ ആഴ്സണലിന്റെ വിജയത്തോടെ തുടക്കം. ലണ്ടണിൽ എവേ ഗ്രൗണ്ടിൽ ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ച് കൊണ്ടാണ് ആഴ്സണൽ സീസൺ ആരംഭിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ഇന്നത്തെ ആഴ്സണലിന്റെ വിജയം. പ്രീസീസണിലെ തുടർച്ച എന്ന പോലെ മികച്ച ഫുട്ബോളുമായി തുടങ്ങിയ ആഴ്സണലിന് ഇരുപത് മിനുട്ടുകൾ മാത്രമെ വേണ്ടി വന്നുള്ളൂ ആദ്യ ഗോൾ നേടാൻ.
ഒരു കോർണറിൽ അൺ മാർക്കിഡ് ആയി വൈഡ് പോസ്റ്റിൽ നിൽക്കുന്ന സിഞ്ചെങ്കോയിലേക്ക് ആഴ്സണൽ പന്തെത്തിക്കുന്നു. സിഞ്ചെങ്കോ ഗോൾ മുഖത്തിന് സമാന്തരാമായി ആ ഹെഡ് തിരിച്ചയക്കുന്നും ഉയർന്ന് ചാടി ഗബ്രിയേൽ മാർട്ടിനെല്ലി തന്റെ തല കൊണ്ട് പന്ത് വലയിലേക്കും. സീസണിലെ ആദ്യ ഗോൾ. പ്രീമിയർ ലീഗിന്റെ ഒരു സീസൺ ബ്രസീലിയൻ താരത്തിന്റെ ഗോളോടെ തുടങ്ങുന്നത് ഇത് ചരിത്രത്തിൽ ആദ്യമായിരുന്നു.
ഈ ഗോളിന് ശേഷം ആഴ്സണൽ പതിയെ പിറകോട്ട് പോവുകയും പാലസ് പതിയെ കളിയിലേക്ക് വരികയും ചെയ്തു. റാംസ്ഡെലിന്റെ രണ്ട് വലിയ സേവുകൾ ആഴ്സണലിനെ ലീഡിൽ നിർത്തുന്നത് കാണാൻ ആയി. രണ്ടാം പകുതിയിൽ പാലസിന്റെ തുടരാക്രമണങ്ങൾ ആഴ്സണലിനു മേൽ സമ്മർദ്ദം കൂട്ടി. അതിനിടയിലാണ് 85ആം മിനുട്ടിൽ വിജയം ഉറപ്പിച്ച ആഴ്സണലിന്റെ രണ്ടാം ഗോൾ വരുന്നത്.
ബുകായോ സാകയുടെ ഒരു ഷോട്ട് മാർക്ക് ഗുഹെയിയുടെ വലിയ പിഴവിൽ സെൽഫ് ഗോളായി മാറി. ആഴ്സണലിന് രണ്ടാം ഗോൾ. ഒപ്പം മൂന്ന് പോയിന്റും.
Story Highlight: Arsenal 2-0 Crystal Palace