വീണ്ടുമൊരു ക്ലാസിക്! വെംബ്ലിയിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ലിവർപൂൾ എഫ്.എ കപ്പ് ഫൈനലിൽ

സമീപകാല ഫുട്‌ബോളിലെ ഏറ്റവും മികച്ച പോരാട്ടമായ ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയും ക്ലോപ്പിന്റെ ലിവർപൂളും ആയുള്ള പോരാട്ടത്തിൽ ഇത്തവണ ജയം ജർമ്മൻ പരിശീലകനു ഒപ്പം. സീസണിൽ ലീഗിൽ ഏറ്റുമുട്ടിയ 2 തവണയും ത്രില്ലിങ് സമനില പാലിച്ച ഇരു ടീമുകളും വെംബ്ലിയിൽ മുഖാമുഖം വന്നപ്പോൾ പിറന്നത് വീണ്ടും ഒരു ക്ലാസിക് ആയിരുന്നു. ലഭ്യമായ മികച്ച താരങ്ങളെ അണിനിരത്തിയാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയത്. എങ്കിലും സിറ്റി നിരയിൽ പ്രമുഖ താരങ്ങളുടെ അഭാവം കാണാൻ ഉണ്ടായിരുന്നു. ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മാഡ്രിഡ് ഏൽപ്പിച്ച തളർച്ച സിറ്റിയെ ബാധിക്കുന്നത് ആണ് മത്സരത്തിൽ ആദ്യം കണ്ടത്. ഒമ്പതാം മിനിറ്റിൽ തന്നെ റോബർട്ടൻസന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഇബ്രാഹിമ കൊണാറ്റ ലിവർപൂളിനെ മത്സരത്തിൽ മുന്നിലെത്തിച്ചു. 17 മത്തെ മിനിറ്റിൽ ഗോൾ കീപ്പർ സ്റ്റെഫനെ സമ്മർദ്ദത്തിൽ ആക്കിയ സാദിയോ മാനെ ലിവർപൂളിന്റെ രണ്ടാം ഗോളും നേടിയതോടെ സിറ്റി ഞെട്ടി.

20220416 220732
20220416 220748

തുടർന്ന് മത്സരത്തിൽ തിരിച്ചു വരാനുള്ള സിറ്റി ശ്രമങ്ങൾ ആണ് കാണാൻ ആയത്. എന്നാൽ ആദ്യ പകുതിക്ക് തൊട്ടു മുമ്പ് തിയാഗോയുടെ പാസിൽ നിന്നു അതുഗ്രൻ വോളിയിലൂടെ തന്റെ രണ്ടാം ഗോൾ നേടിയ മാനെ ലിവർപൂളിനെ സ്വപ്ന തീരത്ത് എത്തിച്ചു. രണ്ടാം പകുതിയിൽ 3-0 നു പിറകിൽ നിന്നു തിരിച്ചു വരാൻ ശ്രമിക്കുന്ന സിറ്റിയെ ആണ് കാണാൻ ആയത്. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ റോബർട്ട്സന്റെ പാസ് പിടിച്ചെടുത്തു ഫെർണാണ്ടീന്യോ നൽകിയ പാസ് സ്വീകരിച്ച ജീസസ് അത് ജാക് ഗ്രീലിഷിന് മറിച്ചു നൽകി. ലക്ഷ്യം കണ്ട ഗ്രീലിഷ് സിറ്റിക്ക് പ്രതീക്ഷ നൽകി. എന്നാൽ ലിവർപൂൾ സിറ്റി മുന്നേറ്റത്തെ തുടർന്നും പ്രതിരോധിച്ചു. ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ ബെർനാർഡോ സിൽവ ഒരിക്കൽ കൂടി ലിവർപൂൾ പ്രതിരോധം ഭേദിച്ചു എങ്കിലും 3-2 ന്റെ പരാജയം മാഞ്ചസ്റ്റർ സിറ്റി ഏറ്റു വാങ്ങുക ആയിരുന്നു. ഇതോടെ ലിവർപൂൾ തങ്ങളുടെ ക്വട്രബൾ പ്രതീക്ഷ കാത്തു.