അംലയുടെ ഉപദേശം തന്നെ മികച്ച പ്രകടനത്തിലേക്ക് നയിച്ചു

ഹഷിം അംലയുടെ ഉപദേശം തന്നെ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സഹായിച്ചുവെന്ന് പറഞ്ഞ് പാക് യുവതാരം ഹൈദര്‍ അലി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന്റെ പ്രകടന മികവിന് കാരണം ഹഷിം അംലയാണെന്നാണ് താരം തന്നെ വെളിപ്പെടുത്തിയത്. പേഷ്വാര്‍ സല്‍മിയുടെ സഹ ബാറ്റിംഗ് കോച്ചായിരുന്നു ഹഷിം അംല.

ടൂര്‍ണ്ണമെന്റിലെ തന്റെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട താരം പിന്നീട് 9 ഇന്നിംഗ്സുകളില്‍ നിന്ന് 239 റണ്‍സാണ് നേടിയത്. താരത്തിന്റെ പ്രകടനം ടീമിനെ പല സുപ്രധാന മത്സരങ്ങളിലും വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഹഷിം അംല തനിക്ക് തന്നെ ഉപദേശമാണ് തന്റെ പ്രകടനത്തെ മാറ്റി മറിച്ചതെന്ന് ഹൈദര്‍ അലി പറഞ്ഞു.

ആദ്യ മത്സരത്തിന് ശേഷം അംല തന്നെ വന്ന് കണ്ടതാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് ഹൈദര്‍ വ്യക്തമാക്കി. തന്റെ റൂം നമ്പര്‍ ചോദിച്ചറിഞ്ഞ് താരം നേരിട്ടെത്തിയാണ് തനിക്ക് ഉപദേശങ്ങള്‍ നല്‍കിയതെന്ന് അലി പറഞ്ഞു. താന്‍ തന്റെ ജീവിതത്തില്‍ അംലയെക്കാള്‍ മികച്ചൊരു വ്യക്തിയെ കണ്ടിട്ടില്ലെന്നും ഹൈദര്‍ അഭിപ്രായപ്പെട്ടു.

കറാച്ചി കിംഗ്സിനെതിരെയുള്ള തന്റെ ആദ്യ മത്സരത്തിന് ശേഷം താന്‍ തീര്‍ത്തും നിരാശനായിരുന്നു. തന്റെ റൂമിലേക്ക് അദ്ദേഹം വരാന്‍ ഒരുങ്ങിയപ്പോളേക്ക് അത്രയും സീനിയര്‍ താരത്തിനെ അത് ചെയ്യിപ്പിക്കുന്നത് ശരിയല്ലെന്ന് കരുതി താനങ്ങോട്ട് ചെന്നുവെന്ന് അദ്ദേഹം നല്‍കി പ്രോത്സാഹനം തന്റെ പ്രകടനങ്ങളെ മാറ്റി മറിച്ചുവെന്നും ഹൈദര്‍ അലി സൂചിപ്പിച്ചു.