ഗോകുലം കേരള എഫ് സി ഒരു മലയാളി താരത്തെ കൂടെ ടീമിൽ എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിങ്ങ് ബാക്കായ സലായെ സൈൻ ചെയ്ത ഗോകുലം ഇന്ന് മറ്റൊരു ഡിഫൻഡറെ തന്നെയാണ് സൈൻ ചെയ്തത്. വയനാട് സ്വദേശിയായ അലക്സ് സജിയാണ് ഗോകുലവുമായി കരാറിൽ ഒപ്പുവെച്ചത്. കേരളത്തിന്റെ ഭാവി താരങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന താരമാണ് അലക്സ് സജി.
കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 18 ടീമിനും റിസേർവ്സ് ടീമിനും ഒപ്പമായിരുന്നു അലക്സ് സജി ഇതുവരെ കളിച്ചിരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിലെ താരങ്ങളെ കൂട്ടമായി അടുത്ത് റിലീസ് ചെയ്തിരുന്നു. ആ അവസരം മുതലെടുത്താണ് ഗോകുലം കേരള എഫ് സി ഇപ്പോൾ അലക്സ് സജിയെ ടീമിൽ എത്തിച്ചത്. ഗോകുലത്തിന്റെ സ്ക്വാഡിലെ 14ആം മലയാളി താരമായി അലക്സ് സജി മാറി.
ഗോകുലത്തിനു വേണ്ടി കളിക്കുന്ന 14 മലയാളികളിൽ ഒരുവൻ. വയനാടിന്റെ അലക്സ് സജി ഇനി മലബാറിയൻ. 💪
Welcome Alax Saji to Gokulam Kerala FC🔥 #GKFC #Malabarians #Defender #ILeague pic.twitter.com/Y47CeOLEgB— Gokulam Kerala FC (@GokulamKeralaFC) July 11, 2019
കഴിഞ്ഞ സീസണിൽ കേരള പ്രീമിയർ ലീഗിലും ഒപ്പം അണ്ടർ 18 ദേശീയ ലീഗിലും സജി കേരള ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയിരുന്നു. കഴിഞ്ഞ കേരള സന്തോഷ് ട്രോഫി ടീമിലും സജി ഇടം പിടിച്ചിരുന്നു. സന്തോഷ് ട്രോഫി ക്യാമ്പിൽ ക്ലബിന്റെ സമ്മതമില്ലാതെ പോയെന്ന വിവാദം ഉണ്ടായ ശേഷം കേരള ബ്ലാസ്റ്റേഴ്സിനായി ഈ സെന്റർ ബാക്കിന് കളിക്കാനായിട്ടില്ല. മുമ്പ് റെഡ് സ്റ്റാർ അക്കാദമിയിലും സജി കളിച്ചിട്ടുണ്ട്. മാർ അത്നീഷ്യസ് കോളോജിന്റെ താരം കൂടിയായിരുന്നു സജി.