ഇവൻ തന്നെ ടെന്നീസിലെ പുതിയ സൂപ്പർ സ്റ്റാർ! മിയാമി ഓപ്പൺ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അൽകാരസ്

ടെന്നീസിലെ പുതിയ സൂപ്പർ താരം താൻ തന്നെയാണ് എന്നു മിയാമിയിൽ കിരീടം നേടി തെളിയിച്ചു സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ. 14 സീഡ് ആയ അൽകാരസ് ഫൈനലിൽ ആറാം സീഡ് കാസ്പർ റൂഡിനെയാണ് തോൽപ്പിച്ചത്. ഇതോടെ മിയാമി ഓപ്പൺ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അൽകാരസ് മാറി. 2007 ൽ സാക്ഷാൽ നൊവാക് ജ്യോക്കോവിച്ച് സ്ഥാപിച്ച റെക്കോർഡ് ആണ് സ്പാനിഷ് യുവതാരം പഴയ കഥ ആക്കിയത്. ചരിത്രത്തിൽ എ.ടി.പി 1000 മാസ്റ്റേഴ്സ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ മാത്രം താരം കൂടിയായി അൽകാരസ് മാറി. മിയാമിയിൽ ഫൈനലിൽ എന്നും അടിയറവ് പറഞ്ഞ സാക്ഷാൽ റാഫേൽ നദാലിനു നേടാൻ ആക്കാത്ത കിരീടം നേടി മിയാമിയിൽ കിരീടം നേടുന്ന ആദ്യ സ്പാനിഷ് താരമായും അൽകാരസ് മാറി.

Screenshot 20220404 103920

വെറും 18 കാരനായ അൽകാരസ് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ലോക എട്ടാം നമ്പർ താരം കാസ്പർ റൂഡിനെ വീഴ്ത്തിയത്. ആദ്യ സെറ്റിൽ 4-1 നു പിറകിൽ നിന്ന ശേഷം തിരിച്ചു ബ്രൈക്ക് കണ്ടത്തി 7-5 നു സെറ്റ് നേടിയ അൽകാരസ് രണ്ടാം സെറ്റിൽ കൂടുതൽ അപകടകാരിയായി. 6-4 നു രണ്ടാം സെറ്റും നേടി അൽകാരസ് തന്റെ കരിയറിലെ ആദ്യ മാസ്റ്റേഴ്സ് കിരീടം ഉയർത്തി. മത്സരത്തിൽ 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 4 തവണയാണ് എതിരാളിയെ അൽകാരസ് ബ്രൈക്ക് ചെയ്‌തത്‌. ജയത്തോടെ ആദ്യ 10 റാങ്കിലേക്കും അൽകാരസ് അടുത്തു. നിലവിൽ ഇത്രയും ആധികാരികമായി കളിക്കുന്ന ആരും പുരുഷ ടെന്നീസിൽ ഇല്ല എന്നത് അടക്കം ടെന്നീസിലെ പുതിയ രാജകുമാരൻ ഇവനാണ് എന്നത് അടക്കം നിരവധി പ്രശംസകൾ ആണ് അൽകാരസിന് മേൽ ആളുകൾ ചൊരിയുന്നത്. ചിലപ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നത് പോലെ ബിഗ് 3 ക്കു ശേഷം ടെന്നീസിലെ ഏറ്റവും വലിയ താരോദയം തന്നെയാവും അൽകാരസ്.