സന്നാഹ മത്സരത്തില്‍ പാക്കിസ്ഥാനെ ഞെട്ടിച്ച് അഫ്ഗാനിസ്ഥാന്‍

ലോകകപ്പിനു മുമ്പേയുള്ള സന്നാഹ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ 3 വിക്കറ്റ് വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. ഇന്ന് നടന്ന മത്സരത്തില്‍ ബ്രിസ്റ്റോളിലെ കൗണ്ടി ഗ്രൗണ്ടിലാണ് അഫ്ഗാനിസ്ഥാന്റെ ആവേശകരമായ ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 262 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 49.4 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

112 റണ്‍സ് നേടിയ ബാബര്‍ അസം ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. ഇമാം ഉള്‍ ഹക്ക്(32), ഷൊയ്ബ് മാലിക്(44) എന്നിവരും റണ്‍സ് നേടിയെങ്കിലും വലിയൊരു സ്കോര്‍ നേടുവാന്‍ പാക്കിസ്ഥാന് സാധിച്ചില്ല. മുഹമ്മദ് നബി മൂന്നും റഷീദ് ഖാന്‍, ദവലത് സദ്രാന്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 47.5 ഓവറില്‍ 262 റണ്‍സിനു ഓള്‍ഔട്ടായി.

263 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി 74 റണ്‍സ് നേടി പുറത്താകാതെ നിന്ന ഹഷ്മത്തുള്ള ഷഹീദിയാണ് ടീമിന്റെ ടോപ് സ്കോറര്‍. റഹ്മത് ഷാ(32), ഹസ്രത്തുള്ള സസായി(49), മുഹമ്മദ് നബി(34) എന്നിവരും നിര്‍ണ്ണായക പ്രകടനങ്ങള്‍ നടത്തി. അവസാന ഓവറില്‍ നാല് റണ്‍സായിരുന്നു അഫ്ഗാനിസ്ഥാന്‍ വിജയത്തിനായി നേടേണ്ടിയിരുന്നത്. രണ്ട് പന്ത് ബാക്കി നില്‍ക്കെ ടീം ലക്ഷ്യം മറികടന്നു. പാക്കിസ്ഥാന്‍ ബൗളര്‍മാരില്‍ വഹാബ് റിയാസ് മൂന്ന് വിക്കറ്റ് നേടി ശ്രദ്ധേയമായ പ്രകടനം നടത്തിയപ്പോള്‍ ഇമാദ് വസീമിനു 2 വിക്കറ്റ് ലഭിച്ചു.