ഇറ്റാലിയൻ സീരി എയിൽ പത്താം സ്ഥാനക്കാർ ആയ ഫിയറന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്നു എ.സി മിലാൻ. ജയത്തോടെ ഒന്നാം സ്ഥാനക്കാർ ആയ നാപോളിയെക്കാൾ 8 പോയിന്റുകൾ പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാൻ മിലാനിന് ആയി. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ച മിലാൻ രണ്ടാം മിനിറ്റിൽ തന്നെ മുന്നിലെത്തി. ഒളിവർ ജിറൂദിന്റെ പാസിൽ നിന്നു റാഫേൽ ലിയോ ആണ് മിലാനു മത്സരത്തിൽ മുൻതൂക്കം നൽകിയത്. തിരിച്ചടിക്കാൻ ഉടൻ തന്നെ ഫിയറന്റീന ശ്രമം ഉണ്ടായി. എന്നാൽ എട്ടാം മിനിറ്റിൽ ക്രിസ്റ്റിയാനോ ബിരാഗിയുടെ ഷോട്ട് പക്ഷെ പോസ്റ്റിൽ തട്ടി മടങ്ങി.
28 മത്തെ മിനിറ്റിൽ ഫിയറന്റീന സമനില ഗോൾ കണ്ടത്തി. ജോനാഥൻ ഇകോനയുടെ പാസിൽ നിന്നു ചെക് താരം അന്റോണിൻ ബരാക് ഫിയറന്റീനയെ മത്സരത്തിൽ സമനില സമ്മാനിച്ചു. രണ്ടാം പകുതിയിൽ വിജയഗോളിന് ആയി ഇരു ടീമുകളും പൊരുതി. പലപ്പോഴും മത്സരം പരുക്കനും ആയി. ഒടുവിൽ ഇഞ്ച്വറി സമയത്ത് മിലാനെ ഭാഗ്യം തുണച്ചു. 91 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ആസ്റ്റർ വ്രാങ്കിസിന്റെ ക്രോസ് ക്ലിയർ ചെയ്യാനുള്ള ഫിയറന്റീന പ്രതിരോധതാരം നികോള മിലൻകോവിചിന്റെ ശ്രമം സ്വന്തം പോസ്റ്റിൽ പതിക്കുക ആയിരുന്നു. റെബിച് ഇതിനു മുമ്പ് താരത്തെ ഫൗൾ ചെയ്തോ എന്നു വാർ ദീർഘസമയം പരിശോധിച്ചു എങ്കിലും ഒടുവിൽ ഗോൾ അനുവദിക്കുക ആയിരുന്നു. ഫിയറന്റീനയിൽ നിന്നു ജയം തട്ടിയെടുക്കുക ആയിരുന്നു മിലാൻ.