ബ്രസീലിൽ കരിയറിലെ ആദ്യ ഗ്രാന്റ് പ്രീ ജയം കണ്ടു ജോർജ് റസൽ, ഹാമിൾട്ടൻ രണ്ടാമത്

ഫോർമുല വൺ ബ്രസീലിയൻ ഗ്രാന്റ് പ്രീയിൽ ജയം കണ്ടു മെഴ്‌സിഡസിന്റെ യുവ ബ്രിട്ടീഷ് ഡ്രൈവർ ജോർജ് റസൽ. കരിയറിൽ ഇത് ആദ്യമായാണ് ആണ് റസൽ ഫോർമുല വണ്ണിൽ ഒരു ഗ്രാന്റ് പ്രീ ജയിക്കുന്നത്. ചരിത്രത്തിൽ ഫോർമുല വൺ ഗ്രാന്റ് പ്രീ ജയിക്കുന്ന 113 മത്തെ ഡ്രൈവർ ആണ് റസൽ. സീസണിൽ മെഴ്‌സിഡസ് നേടുന്ന ആദ്യ ജയവും ആണ് ഇത്. കാറുകൾ കൂട്ടിയിടിച്ച് കൊണ്ടുള്ള അപകടം കൊണ്ടാണ് റേസ് തുടങ്ങിയത്. തുടർന്ന് പോൾ പൊസിഷനിൽ ഉള്ള ഹാസിന്റെ കെവിൻ മാഗ്നസനും മക്ലാരന്റെ ഡാനിയേൽ റികിയാറഡോയും അപകടം കാരണം പുറത്ത് പോയി. റേസ് പുനർ ആരംഭിച്ചപ്പോൾ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടന്റെ കാറും ലോക ചാമ്പ്യനായ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പന്റെ കാറുമായി ഉരസൽ ഉണ്ടായി.

ജോർജ് റസൽ

ഫെറാറിയുടെ ചാൾസ് ലെക്ലെർകിന്റെ കാറുമായി മക്ലാരന്റെ ലാന്റോ നോറിസിന്റെ കാറും ഉരസി. തുടർന്ന് വെർസ്റ്റാപ്പൻ, നോറിസ് എന്നിവർക്ക് പിഴ ലഭിച്ചു. അതിനു ശേഷം നോറിസ് റേസ് പൂർത്തിയാക്കാൻ ആവാതെ പുറത്ത് പോവുന്നതും കണ്ടു. തന്റെ സഹ ഡ്രൈവർ മുൻ ലോക ചാമ്പ്യൻ ഹാമിൾട്ടന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചു ആണ് ജോർജ് റസൽ ഇന്ന് ജയം കുറിച്ചത്. വരും കാലങ്ങളിൽ തന്നിൽ നിന്നു ഇനിയും വലിയ പ്രകടനങ്ങൾ പ്രതീക്ഷിക്കാം എന്ന സൂചന യുവ ബ്രിട്ടീഷ് ഡ്രൈവർ ഇന്ന് നൽകി. മൂന്നും നാലും സ്ഥാനങ്ങളിൽ ഫെറാറിയുടെ കാർലോസ് സൈൻസ്, ചാൾസ് ലെക്ലെർക് എന്നിവർ യഥാക്രമം എത്തി. ജയത്തിനു ശേഷം ആനന്ദകണ്ണീർ പൊഴിക്കുന്ന ജോർജ് റസലിനെയും കാണാൻ ആയി.