2021ലെ കായിക ലോകം, തിരിഞ്ഞു നോട്ടവും ഓർമ്മപ്പെടുത്തലും | 2021 Sports Roundup

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2021 എന്ന കായിക ലോകത്തെ സംഭവബഹുലമായ വർഷം അവസാനിക്കുകയാണ്. മെസ്സിയും റൊണാൾഡോയും എല്ലാവരെയും ഞെട്ടിച്ച് ക്ലബ് മാറിയതും യൂറോ കപ്പ് നടന്നതും T20 ലോകകപ്പ് നടന്നതും എല്ലാം ഈ 2021ൽ തന്നെ. 2021ലെ കായിക രംഗത്തെ പ്രധാന സംഭവങ്ങൾ ഒന്ന് തിരഞ്ഞു നോക്കി ഓർമ്മപെടുത്താൻ ആണ് ഇവിടെ ശ്രമിക്കുന്നത്.

2021 ജനുവരി:
Images (6)

  • ഫുട്‌ബോൾ ലോകം രണ്ടു വലിയ പരിശീലക മാറ്റം കണ്ടാണ് 2021 ആരംഭിച്ചത്. മുൻ സ്പർസ് പരിശീലകനായ പോചാടീനോ പി എസ് ജിയുടെ ചുമതല ഏൽക്കുന്നതും ലമ്പാർഡ് മാറിയ ഒഴിവിൽ ടൂഷൽ ചെൽസിയുടെ പരിശീലകനായി ചുമതലയേൽക്കുന്നതും ജനുവരിയിൽ കാണാൻ ആയി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണി ഫുട്ബോളിൽ നിന്ന് വിരമിച്ച് ഡാർബി കൗണ്ടിയുടെ പരിശീലകനായി നിൽക്കാൻ തീരുമാനിച്ചതും ജനുവരിയിൽ ആണ്.
  • ക്രിസ്റ്റ്യാനോ റൊണാൾഡോ ജോസഫ് ബികാന്റെ പ്രൊഫഷണൽ കരിയറിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് തന്റെ പേരിലാക്കി മാറ്റി. ബികാന് 759 ഗോളുകൾ ആണ് 760ആം ഗോളോടെ റൊണാൾഡോ മറികടന്നത്.
  • കേരളത്തിൽ ഫുട്ബോൾ ലോകത്തെ വലിയ ഗ്രൂപ്പായ യുണൈറ്റഡ് ഗ്രൂപ്പ് ക്വാർട്സ് എഫ് സിയെ സ്വന്തമാക്കുകയും ആ ക്ലബ് കേരള യുണൈറ്റഡ് ആയി മാറുകയും ചെയ്തു. ഷെഫീൽഡ് യുണൈറ്റഡ് പോലുള്ള വലിയ ക്ലബുകളുടെ ഉടമകളാണ് കേരള യുണൈറ്റഡ്.
  • ക്രിക്കറ്റിൽ രാജസ്ഥാൻ യുണൈറ്റഡ് സ്മിത്തിനെ റിലീസ് ചെയ്യുകയും സഞ്ജു സാംസണെ ക്യാപ്റ്റൻ ആക്കുകയും ചെയ്തു. ചരിത്രം എഴുതിയ ഗാബ ടെസ്റ്റ് വിജയവും ജനുവരിയിൽ വന്നു. 1989ന് ശേഷം ആദ്യമായായിരുന്നു ഓസ്ട്രേലിയ ഗാബയിൽ ഒരു മത്സരം പരാജയപ്പെടുന്നത്.

2021 ഫെബ്രുവരി;

Images (19)

  • ഫെബ്രുവരിയിലാണ് ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച കൂറ്റനടിക്കാരിൽ ഒരാളായ യൂസുഫ് പഠാൻ വിരമിച്ചത്.
  • വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ നേടാൻ ജാർഖണ്ഡിനായി. മധ്യപ്രദേശിനെതിരെ 422 റൺസ് ആണ് ജാർഖണ്ഡ് ഉയർത്തിയത്. 94 പന്തിൽ 173 റൺസ് എടുത്ത ഇഷൻ കിഷനായിരുന്നു ഇത്രയും വലിയ സ്കോറിൽ എത്താൻ ജാർഖണ്ഡിനെ സഹായിച്ചത്.
  • കിംഗ്സ് ഇലവൻ പഞ്ചാബ് കിരീടം നേടാൻ ആകാത്തത് പേരിന്റെ പ്രശ്നം കൊണ്ടാണെന്ന് കരുതി പഞ്ചാബ് കിംഗ്സ് എന്നു പേരു മാറ്റി.
  • ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് മോശം പ്രകടനങ്ങൾ കണക്കിലെടുത്ത് പരിശീലകൻ കിബു വികൂനയെ പുറത്താക്കി. കേരള ബ്ലാസ്റ്റേഴ്സ് സീസണിൽ ആകെ 3 വിജയം മാത്രമാണ് നേടിയത്. പത്താം സ്ഥാനം എന്ന ദയനീയ അവസ്ഥയിലാണ് കേരള ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിച്ചത്.
  • മുംബൈ സിറ്റി ഐ എസ് എൽ ലീഗ് കിരീടം ഉറപ്പിച്ചു. ലീഗ് ഘട്ടത്തിലെ അവസാന ഘട്ടം വരെ ഒപ്പം ഉണ്ടായിരുന്ന എ ടി കെ മോഹൻ ബഗാനെ മറികടന്നു കൊണ്ടായിരുന്നു മുംബൈ സിറ്റി ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചത്.
  • മെക്സിക്കൻ ക്ലബായ ടൈഗേർസിനെ തോൽപ്പിച്ച് കൊണ്ട് ബയേൺ മ്യൂണിക്ക് ക്ലബ് ലോകകപ്പ് ഉയർത്തി. ജർമ്മൻ ക്ലബിന്റെ ആറാമത്തെ ക്ലബ് ലോകകപ്പ് ആയിരുന്നു ഇത്. സീസണിൽ ആറിൽ ആറു കിരീടവും നേടുക എന്ന നേട്ടവും ബയേൺ ഈ കിരീടത്തോടെ സ്വന്തമാക്കി.
  • കേരളം കണ്ട ഏറ്റവും മികച്ച വനിതാ ഫുട്ബോൾ പരിശീലകയായ ഫൗസിയ മാമ്പപ്പ മരണപ്പെട്ടത് ഫെബ്രുവരിയിൽ ആയിരുന്നു. ഗോകുലം കേരള വനിതാ ടീമിന്റെ അസിസ്റ്റന്റ് കോച്ചായും കേരളത്തിന്റെ വിവിധി ഏജ് ഗ്രൂപ്പിലെ ടീമുകളുടെ പരിശീലകയായും എല്ലാം ഫൗസിയ പ്രവർത്തിച്ചിട്ടുണ്ടായിരുന്നു.
  • ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച് പുരുഷ സിംഗിൾസ് കിരീടവും നവോമി ഒസാക വനിതാ സിംഗിൾസ് കിരീടവും നേടി.

മാർച്ച് 2021;

Picsart 03 27 07.45.57

  • ഗോകുലം ഐ ലീഗ് കിരീടം ഉയർത്തി കൊണ്ട് ദേശീയ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ഫുട്ബോൾ ടീമായി മാറി.
  • എ ടി കെ മോഹൻ ബഗാനെ ഫൈനലിൽ വീഴ്ത്തി കൊണ്ട് മുംബൈ സിറ്റി ഐ എസ് എൽ കിരീടം നേടി. നേരത്തെ ഐ എസ് എൽ ലീഗ് കിരീടവും മുംബൈ സിറ്റി നേടിയിരുന്നു.
  • ഇബ്രഹിമോവിച് അന്താരാഷ്ട്ര ഫുട്ബോളിലെ തന്റെ വിരമിക്കൽ അവസാനിപ്പിച്ചു തിരികെ സ്വീഡിഷ് ടീമിലേക്ക് എത്തി.

ഏപ്രിൽ 2021;

Images (20)

  • ഏപ്രിലിൽ രണ്ട് കോപ ഡെൽ റേ ഫൈനലുകൾ ആണ് നടന്നത്. കൊറോണ കാരണം ഒരു വർഷം വൈകിയ കോപ ഡെൽ റേ ഫൈനൽ വിജയിച്ച് റയൽ സോസിഡാഡ് കിരീടം നേടി. 34 വർഷത്തിനു ശേഷമുള്ള സോസിഡാഡിന്റെ കിരീടമായിരുന്നു ഇത്. ഈ വർഷത്തെ ഫൈനലിൽ ബാഴ്സലോണ വിജയിച്ച് കിരീടം സ്വന്തമാക്കി. ഈ കോപ ഡെൽ റേ കിരീടം ലയണൽ മെസ്സിയുടെ ബാഴ്സലോണയിലെ അവസാന കിരീടമായി മാറി.
  • ഇതേ മാസം തന്നെ നടന്ന എൽ ക്ലാസികോയിൽ ബാഴ്സലോണ റയലിനോട് 2-1ന് പരാജയപ്പെട്ടു. മെസ്സിയുടെ അവസാന എൽ ക്ലാസിക്കോ ആയിരുന്നു ഇത്.
  • ഗോകുലം കേരള കെ എസ് ഇ ബിയെ മറികടന്നു കൊണ്ട് കേരള പ്രീമിയർ ലീഗ് കിരീടം ഉയർത്തി. ഗോകുലത്തിന്റെ രണ്ടാം കെ പി എൽ കിരീടമാണിത്.
  • യൂറോപ്യൻ സൂപ്പർ ലീഗ് വന്നു. ശക്തമായ പ്രതിഷേധം കൊണ്ട് യൂറോപ്പിലെ സൂപ്പർ ക്ലബുകൾ സൂപ്പർ ലീഗിൽ നിന്ന് മണിക്കൂറുകൾക്ക് അകം തന്നെ പിൻവലിഞ്ഞു.
  • ഐ പി എല്ലിൽ 6000 റൺസ് നേടുന്ന ആദ്യ താരമായി ആർ സി ബി ക്യാപ്റ്റൻ കോഹ്ലി മാറി.

മെയ് 2021;

20210530 024805
Credit: Twitter
  • കൊറോണ വില്ലനാവുകയും ഐ പി എൽ സീസൺ പകുതിക്ക് വെച്ച് നിർത്തി വെക്കുകയും ചെയ്തു. ഐ പി എല്ലിൽ ബാക്കി മത്സരങ്ങൾ സെപ്റ്റംബറിൽ യു എ ഇയിൽ വെച്ച് നടത്താനും തീരുമാനമായി.
  • ഇന്റർ മിലാൻ സീരി എ ചാമ്പ്യന്മാരയി. ഒരു ദശകത്തിനു ശേഷമായിരുന്നു ഇന്റർ മിലാൻ ലീഗ് കിരീടത്തിലേക്ക് എത്തുന്നത്. ഇന്ററിന് കിരീടം നേടിക്കൊടുത്തു എങ്കിലും കോണ്ടെ മാനേജ്മെന്റുമായുള്ള പ്രശ്നം കാരണം പരിശീലക സ്ഥാനം ഒഴിഞ്ഞു. പകരം ലാസിയോ കോച്ചായിരുന്ന സിമിയോണി ഇൻസാഗി ഇന്റർ മിലാൻ പരിശീലകനായി എത്തി.
  • ബയേൺ തുടർച്ചയായ ഒമ്പതാം തവണയും ബുണ്ടസ് ലീഗ കിരീടം നേടി. ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ സിറ്റി ലീഗ് ചാമ്പ്യന്മാരായി. അവസാന നാലു വർഷത്തിന് ഇടയിലുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ മൂന്നാം പ്രീമിയർ ലീഗ് കിരീടമായിരുന്നു ഇത്. അയാക്സ് നെതർലന്റ്സില ലീഗ് കിരീടം നേടി. അവരുടെ 35ആൽ ലീഗ് കിരീടമായിരുന്നു.
  • അത്ലറ്റിക്കോ മാഡ്രിഡ് ലാലിഗ കിരീടം നേടി. അവരുടെ 11ആം ലീഗ് കിരീടം.
  • ഏവരെയും ഞെട്ടിച്ച് കൊണ്ട് ലില്ലെ ഫ്രഞ്ച് ലീഗ് കിരീടം നേടി. പി എസ് ജിയുടെ സ്വപ്ന നിരക്ക് ലില്ലെയുടെ മികവിനെ മറികടക്കാൻ ആയില്ല.
  • എഫ് എ കപ്പിൽ ചെൽസിയെ തോൽപ്പിച്ച് കൊണ്ട് ലെസ്റ്റർ സിറ്റി അവരുടെ ചരിത്രത്തിലെ ആദ്യ എഫ് എ കപ്പ് കിരീടം സ്വന്തമാക്കി.
  • ഇറ്റലിയിൽ യുവന്റസ് കോപ ഇറ്റാലിയ കിരീടം നേടി. റൊണാൾഡോ ഈ കിരീടത്തോടെ ഇറ്റലിയിലെ എല്ലാ കിരീടവും സ്വന്തമാക്കുക എന്ന ലക്ഷ്യത്തിൽ എത്തി.
  • മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് വിയ്യറയൽ അവരുടെ ചരിത്രത്തിലെ ആദ്യ യൂറോപ്പ ലീഗ് കിരീടം നേടി. ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി ഒരു കിരീടം എന്ന സ്വപനം ഒരിക്കൽ കൂടെ വിഫലമായി.
  • ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി കൊണ്ട് ടൂഷലിന്റെ ചെൽസി അവരുടെ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തി. ചെൽസിയെ തോൽപ്പിച്ച് കൊണ്ട് വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം ബാഴ്സലോണയും സ്വന്തമാക്കി.
  • സീസൺ അവസാനിച്ചതോടെ സിദാൻ താൻ റയൽ മാഡ്രിഡ് വിടുകയാണെന്ന് അറിയിച്ചു. പകരം ആഞ്ചലോട്ടി റയൽ മാഡ്രിഡ് പരിശീലകനായി എത്തി.
  • യുവന്റസിന് കോപ ഇറ്റാലിയ നേടിക്കൊടുത്തു എങ്കിലും  പിർലോ പരിശീലക സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നു. പകരം അലെഗ്രി യുവന്റസ് പരിശീലകനായി തിരികെയെത്തി. ഇറ്റലിയിൽ റോമയുടെ പരിശീലകനായി ജോസെ മൗറീനോ എത്തുകയും ചെയ്തു.

ജൂൺ 2021;

20210612 223300

  • ജൂണിൽ യൂറോ കപ്പും കോപ അമേരിക്കയും ആരംഭിച്ചു. യൂറോ കപ്പിലെ ഡെന്മാർക്കും ഫിൻലാൻഡും തമ്മിലുള്ള മത്സരം ഫുട്ബോൾ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ ആവാത്ത മത്സരമായി. കളിക്കിടയിൽ ഡെന്മാർക്ക് താരം എറിക്സൺ ഹൃദയാഘാതം വന്ന് കുഴഞ്ഞു വീണതും അതിനു പിറകെ നടന്ന സംഭവങ്ങളും കളി കണ്ടു നിന്ന എല്ലാവരെയും കണ്ണീരിലാഴ്ത്തി.
  • യൂറോ കപ്പിൽ ഫ്രാൻസിനെതിരെ ഇരട്ട ഗോൾ നേടിക്കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ (109) എന്ന അലി ദായുടെ റെക്കോർഡിനൊപ്പം എത്തി. റൊണാൾഡോക്ക് മികച്ച യൂറോ കപ്പ് ആയിരുന്നു എങ്കിലും പോർച്ചുഗൽ പ്രീക്വാർട്ടറിൽ ബെൽജിയത്തോട് പരാജയപ്പെട്ടു പുറത്തായി.
  • ഹോളണ്ട് ചെക്ക് റിപബ്ലിക്കിനോടു പരാജയപ്പെട്ടു പ്രീക്വാർട്ടറിൽ പുറത്തായി. ലോക ചാമ്പ്യന്മാരായ ഫ്രാൻസ് ക്വാർട്ടറിൽ സ്വിറ്റ്സർലാന്റിനു മുന്നിൽ വീണു. ജർമ്മനിയെ തോൽപ്പിച്ച് ഇംഗ്ലണ്ട് സെമിയിലേക്ക് മുന്നേറി. ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിൻ, ഡെന്മാർക്ക് എന്നിവരാണ് യൂറോ കപ്പ് സെമിയിൽ എത്തിയത്.
  • കേരളത്തിൽ ഇവാൻ വുകമാനോവിച് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി നിയമിക്കപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്സിന്റെ പതിനൊന്നാമത്തെ പരിശീലകൻ ആയി ഇവാൻ.
  • ബിനോ ജോർജ്ജ് നീണ്ട കാലത്തെ യാത്രയ്ക്ക് ശേഷം ഗോകും കേരള വിടുന്നതായി പ്രഖ്യാപിച്ചു. ഗോകുലത്തിന്റെ തുടക്കം മുതൽ ഒപ്പം ഉണ്ടായിരുന്ന ബിനോ ജോർജ്ജ് ഐ ലീഗ് കിരീടം അടക്കം നേടിയാണ് ക്ലബ് വിട്ടത്.
  • സെർജിയോ റാമോസ് റയൽ മാഡ്രിഡ് വിടുന്നതായി പ്രഖ്യാപിച്ചു. റയലുമായുള്ള നീണ്ട കാലത്തെ കരാർ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് അവരുടെ ക്യാപ്റ്റൻ ക്ലബ് വിട്ടത്.
  • ക്രിക്കറ്റിൽ ഇന്ത്യ ശ്രീലങ്കയിലേക്ക് രണ്ടാം ടീമിനെ അയക്കാൻ തീരുമാനിച്ചു. ധവാൻ രണ്ടാം ടീമിന്റെ ക്യാപ്റ്റൻ ആയും നിയമിക്കപ്പെട്ടു‌
  • ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട് കോഹ്ലി ഐ സി സി കിരീടം എന്ന തന്റെ ലക്ഷ്യത്തിൽ ഒരിക്കൽ കൂടെ പിറകോട്ട് പോയി.
  • ഫ്രഞ്ച് ഓപ്പണിൽ ബാർബൊറ ക്രെജിക്കോവ വനിതാ ചാമ്പ്യനായി. സീഡ് ചെയ്യപ്പെടാതെ ഫ്രഞ്ച് ഓപ്പണ് എത്തിയ ബാർബൊറ ഈ കിരീടത്തോടെ 1981ന് ശേഷം ആദ്യമായി ഫ്രഞ്ച് ഓപ്പൺ നേടുന്ന ചെക്ക് താരമായി മാറി.
  • സെമിയിൽ നദാലിനെയും ഫൈനലിൽ സ്റ്റെഫനോസ് സിറ്റിപാസിനെയും തോൽപ്പിച്ച് ജോക്കോവിച് ഫ്രഞ്ച് ഓപ്പണിൽ പുരുഷ ചാമ്പ്യനായി. ഇതോടെ ജോക്കോവിച് രണ്ടാം കരിയർ സ്ലാം പൂർത്തിയാക്കി.
  • ജൂണിലെ ദുഖം മിൽകാ സിംഗ് ആയിരുന്നു. ഇന്ത്യക്ക് ആയി കോമൺ വെൽത്ത് ഗെയിംസിൽ ആദ്യ സ്വർണ്ണം നേടിയ അത്ലറ്റ് 91ആം വയസ്സിൽ മരണപ്പെട്ടു. കൊറോണ ആയിരുന്നു മരണ കാരണം.

ജൂലൈ 2021;

Copa America 2021 Final Brazil V Argentina
Soccer Football – Copa America 2021 – Final – Brazil v Argentina – Estadio Maracana, Rio de Janeiro, Brazil – July 10, 2021 Argentina’s Lionel Messi in a video-call at the pitch after winning the Copa America REUTERS/Ricardo Moraes
  • വലിയ ട്രാൻസ്ഫറുകൾ ഫുട്ബോൾ ലോകത്ത് നടന്ന മാസം. റാമോസ് പി എസ് ജിയിലേക്ക് പോകുന്നത് ഔദ്യോഗികമായി ക്ലബ് പ്രഖ്യാപിച്ചു. വരാനെയെയും സാഞ്ചോയെയും സ്വന്തമാക്കി കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ വിൻഡോയിൽ അത്ഭുതം കാണിച്ചു. ലയണൽ മെസ്സിയുടെ ബാഴ്സലോണയുടെ കരാർ കാലാവധി അവസാനിക്കുകയും താരം ഫ്രീ ഏജന്റായി മാറുകയും ചെയ്തു. ഐ എസ് എല്ലിൽ നടന്ന വലിയ ട്രാൻസ്ഫറിൽ മുംബൈ സിറ്റി താരം ഹ്യൂഗോ ബൗമസ് എ ടി കെ മോഹൻ ബഗാനിലേക്ക് എത്തി.
  • മുൻ വോൾവ്സ് പരിശീലകൻ നുനോ സാന്റോസ് സ്പർസിന്റെ പരിശീലകനായി ചുമതലയേറ്റു. ഗോകുലം വിട്ട ബിനോ ജോർജ്ജ് കേരള യുണൈറ്റഡിന്റെ മുഖ്യ പരിശീലകനായും നിയമിക്കപ്പെട്ടു.
  • ജർമ്മൻ മധ്യനിര താരം ടോണി ക്രൂസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും ഡച്ച് ഇതിഹാസം റോബൻ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.
  • യൂറോ കപ്പിൽ സ്പെയിനെ സെമിയിൽ തോൽപ്പിച്ച് ഇറ്റലിയും ഡെന്മാർക്കിനെ സെമിയിൽ വീഴ്ത്തി ഇംഗ്ലണ്ടും ഫൈനലിലേക്ക് കടന്നു. ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ ഇറ്റലി യൂറോ ചാമ്പ്യന്മാരായി. ഇംഗ്ലണ്ടിനായി പെനാൾട്ടി നഷ്ടപ്പെടുത്തിയ സാകയും റാഷ്ഫോർഡും വംശീയാധിക്ഷേപത്തിന് ഇരയാകുന്നതും യൂറോ കപ്പിന്റെ ബാക്കി പത്രമായി.
  • കോപ അമേരിക്ക ഏതൊരു ഫുട്ബോൾ പ്രേമിയുടെയും സ്വപ്ന ഫൈനലിന് വേദിയായി. പെറുവിനെ തോൽപ്പിച്ച് ബ്രസീലും കൊളംബിയയെ തോല്പ്പിച്ച് അർജന്റീനയും ഫൈനലിൽ. ഫൈനലിൽ മെസ്സി കോപ കിരീടം ഉയർത്തി. മെസ്സിയുടെ കരിയറിലെ ആദ്യ അന്താരാഷ്ട്ര കിരീടം. ഫുട്ബോൾ ലോകം ആകെ ആഗ്രഹിച്ച നിമിഷമായി അത് മാറി.
  • ടെന്നീസിൽ ആഷ് ബാർട്ടി കരോലിന പ്ലിസ്കോവയെ തോൽപ്പിച്ച് കൊണ്ട് വിംബിൾഡൺ വനിതാ ചാമ്പ്യനായി. പുരുഷ സിംഗിൾസിൽ ബർറ്റെനിയെ വീഴ്ത്തി ജോക്കോവിച് തന്റെ ആറാം വിംബിൾഡൻ കിരീടവും നേടി.
  • ശ്രീലങ്കയിൽ പോയ ഇന്ത്യൻ ടീമിനൊപ്പം സഞ്ജു തന്റെ ഏകദിന അരങ്ങേറ്റം നടത്തി. 46 റൺസ് സഞ്ജു എടുത്തു എങ്കിലും ആ മത്സരം ഇന്ത്യ പരാജയപ്പെട്ടു. ഏകദിന ‌ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ടി20യിൽ സഞ്ജുവിന് തിളങ്ങാനെ ആയില്ല. ടി20 ശ്രീലങ്ക 2-1നും വിജയിച്ചു.
  • എൻ ബി എയിൽ മിൽവവുകി ബക്സ് ചാമ്പ്യന്മാരായി. 50 വർഷത്തെ കാത്തിരിപ്പിനാണ് അവസാനമായത്. ഫൈനലിൽ ഫീനിക്സ് സണ്ണിബെ 105-98 എന്ന സ്കോറിനാണ് ബക്സ് പരാജയപ്പെടുത്തിയത്. ഹിയാനിസ് 50 പോയിന്റും 5 ബ്ലോക്കുമായി ഫൈനലിൽ എം വി പി ആയി. ബക്സിന്റെ രണ്ടാം എൻ ബി എ കിരീടമായിരുന്നു ഇത്.
  • ടോക്കിയോ ഒളിമ്പിക്സ് ആരംഭിച്ചതും ജൂലൈയിൽ ആയിരുന്നു. ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവിലൂടെ ഇന്ത്യ മെഡൽ വേട്ട ആരംഭിച്ചു.
  • 100 മീറ്റർ സ്പ്രിന്റിൽ ജമൈക്കയുടെ എലബ് തോംസൺ വേഗതയേറിയ വനിതാ താരം ആയപ്പോൾ. ഉസൈൻ ബോൾട്ടില്ല യുഗത്തിലെ ആദ്യ പുരുഷ ഗോൾഡ് ഇറ്റലിയുടെ മാർസൽ ജേക്കബ് സ്വന്തമാക്കി. 9.80 സെക്കൻഡിൽ ആയുരുന്നു ജേക്കബ് 100 മീറ്റർ ഫിനിഷ് ചെയ്തത്.

ഓഗസ്റ്റ് 2021;

Neerajchopra2

  • ഓഗസ്റ്റ് ഇന്ത്യക്ക് അഭിമാനിക്കാവുന്ന മാസമായി. 41 വർഷത്തിനു ശേഷം ഇന്ത്യ ഒളിമ്പിക് ഹോക്കി സെമിയിൽ എത്തി. സെമിയിൽ ബെൽജിയത്തോട് പരാജയപ്പെട്ടു എങ്കിലും വെങ്കല പോരാട്ടത്തിൽ ജർമ്മനിയെ തോൽപ്പിച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീം മെഡൽ നേടി. മലയാളി താരം ശ്രീജേഷ് ജർമ്മനിക്ക് എതിരെ ഹീറോ ആയി.
  • ഇന്ത്യൻ വനിതകൾ ഒളിമ്പിക് ഹോക്കി സെമിയിൽ എത്തി ചരിത്രം കുറിച്ചു എങ്കിലും മെഡൽ നേടാൻ ആയില്ല.
  • ജാവെലിൻ ത്രോയിലൂടെ നീരജ് ചോപ്ര ഇന്ത്യയെ സ്വപ്ന ലോകത്ത് എത്തിച്ചു. 87.58 എന്ന ദൂരം പിന്നിട്ടു കൊണ്ട് നീരജ് ഇന്ത്യക്ക് ആയി അത്ലറ്റിക്സിൽ സ്വർണ്ണം നേടുന്ന ആദ്യ താരമായി മാറി. ഒരു സ്വർണ്ണവും 2 വെള്ളിയും 4 വെങ്കലവുമായി ഇന്ത്യൻ അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഒളിമ്പിക്സ് ആക്കി ടോക്കിയോയെ മാറ്റി. ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവും റെസ്ലിംഗിൽ രവി കുമാറും ഇന്ത്യക്കായി വെള്ളി നേടി. പി വി സിന്ധു, ലൊവ്ലിന, ബജ്റങ് പൂനിയ, ഇന്ത്യന്ന് ഹോക്കി ടീം എന്നിവരാണ് വെങ്കല മെഡൽ നേടിയത്.
  • 39 സ്വർണ്ണമായി അമേരിക്ക ഒളിമ്പിക്സ് സ്വന്തമാക്കി. തുടർച്ചയായ മൂന്നാം തവണയാണ് അമേരിക്ക ഒളിമ്പിക്സ് ജേതാക്കളാകുന്നത്. ചൈന 38 സ്വർണ്ണവുമായി അമേരിക്കക്ക് തൊട്ടു പിറകിൽ ഫിനിഷ് ചെയ്തു.
  • ഫുട്ബോൾ ലോകത്ത് മെസ്സി ബാഴ്സലോണ വിടുമെന്ന ഔദ്യോഗിക പ്രഖ്യാപനം എത്തി. പിന്നാലെ അദ്ദേഹം പി എസ് ജിയുമായി കരാറും ഒപ്പുവെച്ചു. ഫുട്ബോൾ ലോകം ഞെട്ടിയ ട്രാൻസ്ഫർ ആയിരുന്നു ഇത്. മെസ്സി ഇതേ മാസം തന്നെ റൈംസിന് എതിരായ മത്സരത്തിലൂടെ പി എസ് ജിക്ക് ആയി അരങ്ങേറ്റവും നടത്തി.
  • ഇതേ സമയം റൊണാൾഡോ യുവന്റസ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചു വരികയും ചെയ്തു.
  • 100 മില്യൺ നൽകി ഗ്രീലിഷിനെ ആസ്റ്റൺ വില്ലയിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത് സീസണിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ആയി. ലുകാകു ഇന്റർ മിലാൻ വിട്ട് ചെൽസിയിൽ തിരികെയെത്തി. ഗ്രീസ്മൻ ബാഴ്സലോണയിലേക്കും തിരികെയെത്തി.
  • സന്ദേശ് ജിങ്കൻ മോഹൻ ബഗാൻ വിട്ട് ക്രൊയേഷ്യ ഒന്നാം ഡിവിഷൻ ക്ലബായ സിബെനികിൽ എത്തിയത് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് അഭിമാനം നൽകി. അനസ് എടത്തൊടിക ജംഷദ്പൂരിലേക്ക് തിരികെ എത്തിയ പ്രഖ്യാപനവും എത്തി.
  • ജർമ്മൻ ഇതിഹാസം ജെർദ് മുള്ളർ ഓഗസ്റ്റിൽ വിടപറഞ്ഞു. 75 വയസ്സായിരുന്നു.

സെപ്റ്റംബർ 2021;

Img 20210903 101022

  • ക്രിസ്റ്റ്യാനോ റൊണാൾഡോ അലി ദയയെ മറികടന്ന് അന്താരാഷ്ട്ര ഫുട്ബോളിൽ 111 ഗോളുകൾ നേടി ചരിത്രം എഴുതി. റൊണാൾഡോ തന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിലെ രണ്ടാം അരങ്ങേറ്റത്തിൽ ന്യൂകാസിലിനെതിരെ ഇരട്ട ഗോളുകൾ നേടി വരവറിയിച്ചു. മെസ്സിയുടെ ആദ്യ പി എസ് ജി ഗോൾ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ പിറന്നു.
  • സെവൻസ് ലോകത്തെ പേരുകേട്ട റഫറി ആയ ആലിക്കോയ മരണപ്പെട്ടത് സെപ്റ്റംബറിൽ ആയിരുന്നു. ആലിക്കോയ ഇല്ലാത്ത സെവൻസ് സീസൺ ഇന്നത്തെ തലമുറയുടെ ഓർമ്മയിൽ പോലും ഉണ്ടാകില്ല.
  • രോഹിത് അന്താരാഷ്ട്ര ക്രിക്കറ്റിൽ 15000 റൺസ് തികച്ചു. 15000 തികയ്ക്കുന്ന എട്ടാമത്തെ ഇന്ത്യൻ താരമായി രോഹിത് മാറി.
  • കൊറോണ കാരണം ഇന്ത്യ ഇംഗ്ലണ്ട് സീരീസിലെ അവസാന ടെസ്റ്റ് ഉപേക്ഷിക്കപ്പെട്ടു. ഇന്ത്യ 2-1ന് മുന്നിട്ട് നിക്കുമ്പോൾ ആയിരുന്നു ഇന്ത്യൻ ക്യാമ്പിൽ കൊറോണ എത്തിയത്.
  • കോഹ്ലി താൻ ടി20 ലോകകപ്പ് കഴിഞ്ഞാൽ ഇന്ത്യം ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചു. രവി ശാസ്ത്രി ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയുമെന്നും അറിയിച്ചു. ഈ ഐ പി എൽ അവസാനത്തോടെ ആർ സി ബി ക്യാപ്റ്റൻ സ്ഥാനം ഒഴിയും എന്നും കോഹ്ലി പറഞ്ഞു.
  • പാകിസ്ഥാൻ ടി20 ലോകകപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ അവരുടെ കോച്ചിംഗ് സംഘത്തിൽ നിന്ന് മിസ്ബാഹുൽ ഹഖും വഖാർ യൂനസും രാജിവെച്ചു. മാത്യ് ഹെയ്ഡൻ പാകിസ്താൻ പരിശീലകനായി ചുമതലയേറ്റു.
  • ഐ പി എൽ പുനരാരംഭിച്ച മാസത്തിൽ ടി20 ക്രിക്കറ്റിൽ 10000 റൺസ് എടുക്കുന്ന ആദ്യ താരമായി വിരാട് കോഹ്ലി മാറി.
  • ബംഗ്ലാദേശ് ന്യൂസിലൻഡിനെതിരെ ടി20 പരമ്പര വിജയിച്ചു കൊണ്ട് ചരിത്രം കുറിച്ചു. അവരുടെ ചരിത്രത്തിൽ ആദ്യമായാണ് ന്യൂസിലൻഡിനെതിരെ ഒരു പരമ്പര വിജയിക്കുന്നത്.
  • ശ്രീലങ്കൻ ഇതിഹാസ പേസർ മലിംഗ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതു. ഈ മാസമായിരുന്നു.
  • പാരാലിമ്പിക്സിൽ 5 സ്വർണ്ണവും 8 വെള്ളിയും 6 വെങ്കലവുമായി ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു.
  • യു എസ് ഓപ്പണ എമ്മ റഡുകാനു എന്ന 18വയസ്സുകാരിയായ ബ്രിട്ടീഷ് താരം ചരിത്രം എഴുതി. യോഗ്യത മത്സരങ്ങൾ കളിക്കാൻ വേണ്ടി എത്തിയ താരം കിരീടവുമായി മടങ്ങിയത് ഏവരെയും അത്ഭുതപ്പെടുത്തി. ടീനേജ് താരം തന്നെ ആയ കാനഡയുടെ ലൈല ആനി ഫെർണാണ്ടസിനെ ആയിരുന്നു ഫൈനലിൽ എമ്മ തോൽപ്പിച്ചത്.
  • യു എസ് ഓപ്പൺ പുരുഷ സിംഗിൾസിൽ മെദ്വദ് ജോക്കോവിചിനെ വീഴ്ത്തി കൊണ്ട് ചാമ്പ്യനാകുന്നതും കാണാൻ ആയി.

ഒക്ടോബർ 2021;

Images (12)

  • എഫ് സി ഗോവ ഡ്യൂറണ്ട് കപ്പ് ജേതാക്കളായി. മലയാളി താരങ്ങളായ നെമിലും ക്രിസ്റ്റിയും കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ചു.
  • മുംബൈ സിറ്റിക്ക് ഇരട്ട കിരീടം നേടിക്കൊടുത്ത പരിശീലകൻ ലൊബേര ക്ലബ് വിടുകയും പകരം ഡെസ് ബെക്കിങ്ഹാം ചുമത ഏൽക്കുകയും ചെയ്തു.
  • കേരള ഫുട്ബോൾ അസോസിയേഷൻ സ്കോർ ലൈൻ എന്ന പ്രൈവറ്റ് കമ്പനിയുമായി കേരള ഫുട്ബോളിനെ മാറ്റിമറിക്കും എന്ന് അവകാശപ്പെടുന്ന ഒരു കരാർ ഒപ്പുവെച്ചു. ഒരുപാട് പ്രതിഷേധങ്ങൾ ഉയർന്നു എങ്കിലും അവ ഒക്കെ മറികടന്നായിരുന്നു കെ എഫ് എയുടെ നീക്കം.
  • സാഫ് കപ്പിൽ ഇന്ത്യ എട്ടാം കിരീടം നേടി. ഫൈനലിൽ നേപ്പാളിനെ തോൽപ്പിച്ച് ആയിരിന്നു കിരീടം. ഫൈനലിൽ ഛേത്രിക്ക് ഒപ്പം മലയാളി താരം സഹലും ഗോൾ കണ്ടെത്തി.
  • യുവേഫ നാഷൺസ് ലീഗിൽ സ്പെയിനെ തോൽപ്പിച്ച് കൊണ്ട് ഫ്രാൻസ് ചാമ്പ്യന്മാരായി.
  • ഐ ലീഗ് യോഗ്യത റൗണ്ട് വിജയിച്ച് കൊണ്ട് രാജസ്ഥാൻ യുണൈറ്റഡ് ഐലീഗിലേക്ക് വന്നു.
  • നീണ്ട കാലത്തിനു ശേഷം മെസ്സി ഇല്ലാതെ നടന്ന എൽ ക്ലാസികോയിൽ ബാഴ്സലോണ പരാജയപ്പെട്ടു. അതേ ദിവസം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനോട് ഓൾഡ്ട്രാഫോർഡിൽ വെച്ച് 5-0 എന്ന വൻ തോൽവി ഏറ്റുവാങ്ങി. ബാഴ്സലോണ കോച്ച് കോമാനും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെയും പുറത്താക്കപ്പെടലിന്റെ വക്കിലേക്ക് നീങ്ങാൻ ഈ പരാജയങ്ങൾ കാരണമായി. കോമാൻ വലൻസിയക്ക് എതിരായ പരാജയം കൂടെ വന്നതോടെ ക്ലബിൽ നിന്ന് പുറത്തായി.
  • രോഹിത് ശർമ്മ ടി20യിൽ 400 സിക്സ് അടിക്കുന്നു ആദ്യ ഇന്ത്യൻ താരമായി മാറി
  • ക്രിക്കറ്റിൽ കൊൽക്കത്തയെ തോൽപ്പിച്ച് കൊണ്ട് ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ നാലാം ഐ പി എൽ കിരീടം നേടി.
  • ഐ പി എല്ലിൽ ലേലത്തിലൂടെ രണ്ട് പുതിയ ടീമുകൾ കൂടെ ആയി. സഞ്ജീവ് ഗൊയെങ്ക ലക്നൗവിലെ ടീമും സി വി സി അഹമ്മദബാദിലെ ഐ പി എൽ ടീമും സ്വന്തമാക്കി.
  • ടി20 ലോകകപ്പ് ആരംഭിച്ചു എങ്കിലും ഇന്ത്യക്ക് ലോകകപ്പ് നിരാശയുടേതായി. പാകിസ്ഥാനോട് തോറ്റു കൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെടുന്നത്. പിന്നാലെ ന്യൂസിലൻഡിനോടും തോറ്റതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷ അസ്തമിച്ചു.

നവംബർ 2021;

20211220 142739

  • എ എഫ് സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് കൊണ്ട് ഗോകുലം കേരള ഇന്ത്യയുടെ അഭിമാനമായി. ഒരു വിജയം നേടാനും ഗോകുലത്തിനായി.
  • ബാഴ്സലോണയ്ക്കായി കളിക്കുന്നതിനിടയിൽ അഗ്വേറോക്ക് നെഞ്ചു വേദന അനുഭവപ്പെടുകയും ഇനി ഫുട്ബോൾ കളിക്കാൻ ആവില്ല എന്ന് പരിശോധനകളിലൂടെ വ്യക്തമാവുകയും ചെയ്തു.
  • സാവി ബാഴ്സലോണ പരിശീലകനായി എത്തിയതും നുനോയെ പുറത്താക്കി സ്പർസ് അന്റോണിയോ കോണ്ടെയെ എത്തിയതും ജെറാഡ് ആസ്റ്റൺ വില്ലയിൽ പരിശീലകനായി എത്തിയതും നവംബറിൽ ആയിരുന്നു.
  • ഇറ്റലിയും പോർച്ചുഗലും നേരിട്ട് ലോകകപ്പ് യോഗ്യത നേടാം ആവാതെ പ്ലേ ഓഫിനെ ആശ്രയിക്കേണ്ട അവസ്ഥ വന്നു. ലാറ്റിനമേരിക്കയിൽ നിന്ന് ബ്രസീലും അർജന്റീനയും ഖത്തർ ലോകകപ്പ് യോഗ്യത ഉറപ്പിക്കുകയും ചെയ്തു.
  • കേരള പ്രീമിയർ ലീഗ് യോഗ്യത റൗണ്ട് വിജയിച്ച് ഐഫ അക്കാദമി കെ പി എല്ലിന് യോഗ്യത നേടി.
  • മെസ്സി ഏഴാം ബാലൻ ഡി ഓഫ് നേടി. കോപ അമേരിക്ക കിരീടം നേടിയത് ആണ് മെസ്സിയിലേക്ക് ബാലൻ ഡി ഓർ ഏഴാം തവണയും എത്താൻ കാരണമായത്.
  • ഐ എസ് എൽ എട്ടാം സീസൺ ആരംഭിച്ചു. 23 മലയാളികൾ ആണ് ഇത്തവണ ഐ എസ് എല്ലിൽ കളിക്കുന്നത്. ഐ എസ് എൽ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും മലയാളികൾ കളിക്കുന്നത്.
  • വാറ്റ്ഫോർഡിനെതിരായ വലിയ പരാജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പരിശീലകൻ ഒലെയെ പുറത്താക്കി. പകരം ജർമ്മൻ കോച്ചായ റാൾഫ് റങ്നിക്കിനെ പരിശീലകനാക്കി എത്തിച്ചു.
  • പ്രമുഖ ഫുട്ബോൾ കമന്റേറ്ററും ഇന്ത്യൻ ഫുട്ബോളിന് ഏറെ സംഭാവനകൾ നൽകിയിട്ടുള്ളതുമായ മാധ്യമപ്രവർത്തകൻ നോവി കപാഡി അന്തരിച്ചു.
  • ന്യൂസിലൻഡിനെ തോൽപ്പിച്ച് കൊണ്ട് ഓസ്ട്രേലിയ ടി20 ലോകകപ്പ് ഉയർത്തി.
  • ദ്രാവിഡ് ഇന്ത്യൻ പരിശീലകനായും രോഹിത് ശർമ്മ ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ ആയും നിയമിക്കപ്പെട്ടു.
  • ഡി വില്ലേഴ്സ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു.

ഡിസംബർ 2021;

20211210 164008

  • മൂന്ന് വലിയ വിജയങ്ങളുമായി കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലേക്ക് കടന്നു.
  • ബാഴ്സലോണ 20 വർഷങ്ങൾക്ക് ശേഷം യൂറോപ്പ ലീഗിൽ കളിക്കേണ്ട അവസ്ഥയിൽ എത്തി. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടം കടക്കാൻ സാവിയുടെ ബാഴ്സലോണക്ക് ആയില്ല.
  • ഐ എഫ് എ ഷീൽഡ് കിരീടം തുടർച്ചയായി രണ്ടാം തവണയും റിയൽ കാശ്മീർ ഉയർത്തി. കേരള ക്ലബായ ഗോകുലം കേരള സെമി ഫൈനലിൽ പുറത്തായി.
  • അഗ്വേറോ വിരമിക്കൽ പ്രഖ്യാപിച്ചു. ഹൃദയ സംബന്ധമായ പ്രശ്നം കാരണമാണ് അഗ്വേറോ വിരമിക്കാൻ തീരുമാനിച്ചത്.
  • നീണ്ട ഇടവേളക്ക് ശേഷം കേരള വനിതാ ലീഗ് ആരംഭിച്ചു. 6 ടീമുകൾ ആണ് കേരള വനിതാ ഫുട്ബോൾ ലീഗിൽ പങ്കെടുക്കുന്നത്.
  • ഹബാസിനെ എ ടി കെ മോഹൻ ബഗാൻ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. പകരം എഫ് സി ഗോവ പരിശീലകൻ ഫെറാണ്ടോയെ മോഹൻ ബഗാൻ റാഞ്ചി
  • ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തുന്ന ആദ്യ പുരുഷ താരമായി ശ്രീകാന്ത് കിഡംബി മാറി. ഫൈനലിൽ പരാജയപ്പെട്ടു എങ്കിലും വെള്ളി നേട്ടം ചരിത്ര നേട്ടമായി മാറി.
  • അൾജീരിയ അറബ് കപ്പ് ഉയർത്തി. ടുണീഷ്യയെ തോൽപ്പിച്ച് കോണ്ടായിരുന്നു അൾജീരിയയുടെ വിജയം.
  • ക്രിക്കറ്റിൽ രോഹിത് ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ ആയും നിയമിക്കപ്പെട്ടു.
  • ന്യൂസിലൻഡിനെ 372 റൺസിന് പരാജയപ്പെടുത്തി കൊണ്ട് ഇന്ത്യൻ ടെസ്റ്റ് പരമ്പര 1-0ന് സ്വന്തമാക്കി.
  • ഹാമിൽട്ടണെ അവസാന ലാപിൽ മറികടന്ന് കൊണ്ട് വെർസ്റ്റാപൻ എഫ് വൺ ലോകചാമ്പ്യനായി മാറി.