ബംഗ്ലാദേശില്‍ വിജയക്കൊടി പാറിച്ച് സിംബാബ്‍വേ

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ 151 റണ്‍സ് വിജയം നേടി സിംബാബ്‍വേ. 321 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 169 റണ്‍സിനു അവസാനിച്ചപ്പോള്‍ ബംഗ്ലാദേശിലെ ചരിത്ര വിജയം സിംബാബ്‍വേ സ്വന്തമാക്കി. നാലാം ദിവസം 26/0 എന്ന നിലയില്‍ ആരംഭിച്ച ബംഗ്ലാദേശ് ഒന്നാം വിക്കറ്റില്‍ 56 റണ്‍സ് നേടിയ ശേഷമാണ് തകര്‍ച്ച ആരംഭിക്കുന്നത്.

ബ്രണ്ടന്‍ മാവുട്ടയും സിക്കന്ദര്‍ റാസയും ചേര്‍ന്നാണ് സിംബാബ്‍വേയുടെ വിജയം ഉറപ്പാക്കിയത്. മാവുട്ട നാല് വിക്കറ്റും സിക്കന്ദര്‍ റാസ മൂന്ന് വിക്കറ്റും നേടി. വെല്ലിംഗ്ടണ്‍ മസകഡ്സയ്ക്ക് രണ്ട് വിക്കറ്റും ലഭിച്ചു. ബംഗ്ലാദേശിനായി ഇമ്രുല്‍ കൈസ് 43 റണ്‍സും ആരിഫുള്‍ ഹക്ക് 38 റണ്‍സും നേടി.

അഞ്ച് വര്‍ഷത്തിലെ ആദ്യത്തെ ടെസ്റ്റ് ജയമാണ് ബംഗ്ലാദേശില്‍ സിംബാബ്‍വേ ഇന്ന് സ്വന്തമാക്കിയത്.