ടെസ്റ്റ് ക്രിക്കറ്റാണ് ഫിഞ്ചിന്റെ കരിയറിലെ മോശം കാര്യം, താരം സെലക്ടര്‍മാര്‍ക്ക് തലവേദനയായി മാറി

- Advertisement -

മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ഇയാന്‍ ചാപ്പലിന്റെ അഭിപ്രായത്തില്‍ ആരോണ്‍ ഫിഞ്ചിന്റെ കരിയറില്‍ സംഭവിച്ച ഏറ്റവും മോശം കാര്യമാണ് താരത്തെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ടെസ്റ്റ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയതാണെന്നാണ്. നിലവിലെ ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ ഫോം സെലക്ടര്‍മാര്‍ക്ക് വലിയ തലവേദനയാകുമെന്നും ഇയാന്‍ ചാപ്പല്‍ പറഞ്ഞു.

ടെസ്റ്റിലെ തന്റെ തുടക്കം ഫിഞ്ച് പാക്കിസ്ഥാനെതിരെ 62, 49 എന്നീ സ്കോറുകളുമായി മികച്ചതാക്കിയെങ്കിലും പിന്നീട് താരത്തിന്റെ ഫോം താഴെപ്പോകുന്നതാണ് കണ്ടത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ അതേ സമയം ഫിഞ്ച് 17 ഇന്നിംഗ്സുകളില്‍ നിന്ന് 158 റണ്‍സ് മാത്രമാണ് ഇതുവരെ നേടിയിട്ടുള്ളത്. അതില്‍ തന്നെ രണ്ട് തവണ മാത്രമാണ് 15നു മുകളിലുള്ള സ്കോര്‍ നേടിയതും.

നിലവിലെ ഓസ്ട്രേലിയയുടെ പരിമിത ഓവര്‍ ക്രിക്കറ്റ് നായകന്‍ എന്ന നിലയില്‍ ഫോമിലില്ലാത്ത ഒരു താരത്തെ എത്ര നാള്‍ സെലക്ടര്‍മാ‍ര്‍ ചുമക്കും എന്നതും വലിയ ചോദ്യമാണ്. ഇത് സെലക്ടര്‍മാര്‍ക്ക് വലിയ തലവേദനയായി മാറും എന്ന് ഇയാന്‍ ചാപ്പല്‍ പറഞ്ഞു. സെലക്ടര്‍മാര്‍ പക്ഷേ തീരുമാനം വേഗത്തിലാക്കുന്നതാണ് നല്ലതെന്നാണ് ചാപ്പല്‍ പറഞ്ഞത്. ഇപ്പോള്‍ താരത്തെ പുറത്താക്കുന്നതാണോ അതോ ലോകകപ്പിന്റെ ഇടയില്‍ അത് ചെയ്യുന്നതാണോ നല്ലതെന്ന് മാത്രം ചിന്തിച്ച് തീരുമാനിച്ചാല്‍ മതിയെന്ന് ചാപ്പല്‍ പറഞ്ഞു.

ഫിഞ്ച് ഇപ്പോള്‍ ആത്മവിശ്വാസമില്ലാത്ത താരമാണെന്നും അരങ്ങേറ്റ ടെസ്റ്റിനു ശേഷം താരം സമ്പൂര്‍ണ്ണ പരാജയമായി മാറിയെന്നും ചാപ്പല്‍ പറഞ്ഞു. ഇന്ത്യന്‍ പര്യടനത്തിനു ശേഷം വരാനിരിക്കുന്ന പാക്കിസ്ഥാന്‍ പരമ്പരയിലെ ഒരു മത്സരത്തില്‍ മികവ് പുലര്‍ത്തിയാല്‍ മാത്രം ആ ആത്മവിശ്വാസം തിരിച്ചുവരുമോയെന്ന് തനിക്ക് അറിയില്ലെന്നും ചാപ്പല്‍ പറഞ്ഞു.

Advertisement