ഐപിഎലില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് സണ്‍റൈസേഴ്സിന് മിന്നും തുടക്കം നല്‍കിയെങ്കിലും ചില മത്സരങ്ങളില്‍ താരങ്ങളെ കുടുക്കുവാന്‍ എതിര്‍ ടീമുകള്‍ ആദ്യ ഓവറില്‍ തന്നെ സ്പിന്നര്‍മാരെ ഇറക്കിയിരുന്നു. അത് പലപ്പോഴും വിജയം കാണുകയും ചെയ്തു. ഇന്നലെ ഇന്ത്യയ്ക്കെതിരെ പത്തോവറിന് ശേഷം അടിച്ച് തകര്‍ത്ത് തുടങ്ങിയ ബൈര്‍സ്റ്റോയ്ക്കെതിരെ ഇന്ത്യ യൂസുവേന്ദ്ര ചഹാലിനെ ഇറക്കിയെങ്കിലും താരത്തിന് യാതൊരു പ്രഭാവവും മത്സരത്തിലുണ്ടാക്കാനായില്ല.
ബൈര്‍സ്റ്റോയും ജേസണ്‍ റോയിയും പലയാവര്‍ത്തി ചഹാലിനെ ബൗണ്ടി കടത്തുകയായിരുന്നു. താന്‍ സ്പിന്‍ കളിക്കുന്നതില്‍ മെച്ചപ്പെട്ടതിന് ബൈര്‍സ്റ്റോ നന്ദി പറയുന്നത് ഐപിഎലിനോടാണ്. സണ്‍റൈസേഴ്സിനായി കളിക്കാനെത്തിയ തനിക്ക് സ്പിന്നിനെ മികച്ച രീതിയില്‍ നേരിടുന്ന വിവിഎസ് ലക്ഷ്മണിന്റെ ഉപദേശങ്ങള്‍ വലിയ അനുഗ്രഹമായി മാറിയിട്ടുണ്ടെന്നാണ് ജോണി ബൈര്‍സ്റ്റോ പറയുന്നത്.
തുടക്കത്തില്‍ ഇന്ത്യ മികച്ച രീതിയില്‍ പന്തെറിഞ്ഞുവെന്നും തങ്ങളുടെ ബാറ്റിന്റെ എഡ്ജ് പലപ്പോഴും കണ്ടെത്തിയെങ്കിലും മത്സരത്തില്‍ പിന്നീട് മേല്‍ക്കൈ നേടുവാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്നും ബൈര്‍സ്റ്റോ പറഞ്ഞു.