പാകിസ്താൻ വീണ്ടും പതറി, അഫ്ഗാനിസ്താൻ വീണ്ടും പറന്നുയർന്നു‌!

Newsroom

Picsart 23 10 23 21 47 03 821
Download the Fanport app now!
Appstore Badge
Google Play Badge 1

പാകിസ്താൻ വീണ്ടും പതറി. അഫ്ഘാനിസ്ഥാൻ വീണ്ടും പറന്നുയർന്നു‌. ഇന്ന് ലോകകപ്പിൽ ചെന്നൈയിൽ നടന്ന മത്സരത്തിൽ പാകിസ്താനെതിരെ 8 വിക്കറ്റ് വിജയമാണ് അഫ്ഗാനിസ്താൻ നേടിയത്‌. അഫ്ഗാനിസ്താന്റെ ഈ ലോകകപ്പിലെ രണ്ടാം വിജയമാണിത്. നേരത്തെ അവർ ഇംഗ്ലണ്ടിനെയും തോൽപ്പിച്ചിരുന്നു. പാകിസ്താനാകട്ടെ ഇത് തുടർച്ചയായ മൂന്നാം പരാജയമാണിത്. ഇത് ചരിത്രത്തിൽ ആദ്യമായാണ് അഫ്ഗാനിസ്താൻ പാകിസ്താനെ ഏകദിനത്തിൽ തോല്പ്പിക്കുന്നത്‌.

അഫ്ഗാനിസ്താൻ 23 10 23 21 47 48 459

പാകിസ്താൻ ഉയർത്തിയ 283 എന്ന വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്താന് ഗംഭീര തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റിൽ അവർ 20 ഓവറിൽ 131 റൺസ് എടുത്തു. 53 പന്തിൽ നിന്ന് 65 റൺസ് എടുത്ത ഗുർബാസ് ആണ് ആദ്യം പുറത്തായത്. ഒരു സിക്സും 9 ഫോറും അടങ്ങുന്നത് ആയിരുന്നു ഗുർബാസിന്റെ ഇന്നിംഗ്സ്.

ഇബ്രാഹിം സദ്രാനും മികച്ച രീതിയിൽ ബാറ്റു ചെയ്തു. 113 പന്തിൽ നിന്ന് 87 റൺസ് എടുത്താണ് സദ്രാൻ പുറത്തായത്‌. 10 ബൗണ്ടറികൾ അടങ്ങുന്നത് ആയിരുന്നു ഇന്നിംഗ്സ്. സദ്രാൻ പുറത്താകുമ്പോൾ 33 ഓവറിൽ 190-2 എന്ന മികച്ച നിലയിൽ ആയിരുന്നു അഫ്ഗാനിസ്താൻ.

റഹ്മതും ഹഷ്മതും കൂട്ടുകെട്ടിന്റെ തുടക്കത്തിൽ പ്രയാസപ്പെട്ടു എങ്കിലും പതിയെ ഇരുവരും റൺസ് കണ്ടെത്തി. റഹ്മത് ഷാ 84 പന്തിൽ നിന്ന് 77 റൺസ് എടുത്തു. ഹഷ്മത് 48 റൺസും എടുത്തു. 49ആം ഓവറിലേക്ക് വിജയം പൂർത്തിയാക്കാൻ അഫ്ഗാനിസ്താനായി.

Picsart 23 10 23 21 47 32 069

ഇന്ന് അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 282 റൺസ് ആണ് നേടിയത്. ബാബര്‍ അസമും അബ്ദുള്ള ഷഫീക്കും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ഷഫീക്ക് 58 റൺസ് നേടിയപ്പോള്‍ ബാബര്‍ അസം 74 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി.

ഷദബ് ഖാന്‍ 38 പന്തിൽ 40 റൺസും ഇഫ്തിക്കര്‍ അഹമ്മദ് 27 പന്തിൽ 40 റൺസും നേടിയാണ് പാക് സ്കോര്‍ 282 റൺസിലേക്ക് എത്തിച്ചത്. 7 വിക്കറ്റുകള്‍ ആണ് ടീമിന് നഷ്ടമായത്. അഫ്ഗാനിസ്ഥാന് വേണ്ടി നൂര്‍ അഹമ്മദ് 3 വിക്കറ്റും നവീന്‍ ഉള്‍ ഹക്ക് 2 വിക്കറ്റും നേടി.