കോല്‍പക് കരാറുകളും ടി20 അവസരങ്ങളുമാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ വലിയ ശാപമെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡു പ്ലെസി. ലോകകപ്പില്‍ ഏറ്റവും നിരാശജനകമായ പ്രകടനം പുറത്തെടുത്ത ടീമാണ് ദക്ഷിണാഫ്രിക്ക. ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഡുവാന്നേ ഒളിവിയര്‍ ആണ് കോല്‍പക് കരാര്‍ സ്വീകരിച്ച് ഏറ്റവും അടുത്ത് പോയ ദക്ഷിണാഫ്രിക്കന്‍ താരം.
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്കുന്ന വേതനത്തെക്കാള്‍ മികച്ച വേതനം ഇംഗ്ലീഷ് കൗണ്ടിയില്‍ ലഭിക്കുന്നു എന്നത് പല താരങ്ങളെയും ഇതു പോലത്തെ തീരുമാനങ്ങള്‍ എടുക്കുവാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ ടി20 ക്രിക്കറ്റ് ലീഗുകളുടെ ആധിക്യവും താരങ്ങള്‍ക്ക് വേറെ മേച്ചില്‍ പുറം തേടുവാനുള്ള അവസരം സൃഷ്ടിക്കുന്നുണ്ട്.
ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഇതിന് തടയിടുവാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് പറഞ്ഞ ഫാഫ് എന്നാല്‍ ടെസ്റ്റ് താരങ്ങള്‍ക്ക് കോല്‍പക് കരാറും പരിമിത ഓവര്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ടി20 ലീഗുകളും എന്നും മെച്ചപ്പെട്ട അവസരങ്ങള്‍ തന്നെയാണെന്ന് വെളിപ്പെടുത്തി. താന്‍ ഉള്‍പ്പെടുന്ന താരങ്ങള്‍ ഇത്തരം അവസരം തേടിപ്പോയാല്‍ ആരേയും കുറ്റം പറയാനാകില്ലെന്നും എന്നാല്‍ ഇതാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് നേരിടുന്ന വലിയ ശാപമെന്നും ഫാഫ് ഡു പ്ലെസി പറഞ്ഞു.
മുമ്പ് വിന്‍ഡീസ് നായകന് ജേസണ്‍ ഹോള്‍ഡര്‍ ഐസിസിയോട് അടിസ്ഥാന വേതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. വിന്‍ഡീസ് ക്രിക്കറ്റിലെ പ്രതിഭകളെയും സമാനമായ സാഹചര്യത്തില്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായപ്പോളാണ് താരം ഇത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിത്. ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡു പ്ലെസിയും ഇക്കാര്യത്തെ പിന്തുണയ്ക്കുന്നുവെന്നാണ് അറിയിച്ചത്.
ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളിലാവും ഏറ്റവും മികച്ച വേതനം ലഭിയ്ക്കുക. അത് മാറി ബാക്കി രാജ്യങ്ങളിലും ഭേദപ്പെട്ട വേതന സംവിധാനം വന്നാല്‍ മാത്രമേ മറ്റ് രാജ്യങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാനാകൂ എന്ന് ഫാഫ് പറഞ്ഞു. ദക്ഷിണാഫ്രിക്കയെക്കാള്‍ കഷ്ടതയിലൂടെയാണ് വിന്‍ഡീസ് പോകുന്നതെന്നും അതാണ് അവരുടെ പല വിലപ്പെട്ട താരങ്ങളും ടി20 ക്രിക്കറ്റ് ലീഗുകളിലേക്ക് ചേക്കേറുവാന്‍ തീരമാനിച്ചതെന്നും ഫാഫ് പറഞ്ഞു.