അനായാസം ലങ്ക, അഫ്ഗാനിസ്ഥാനെതിരെ 6 വിക്കറ്റ് വിജയം

അഫ്ഗാനിസ്ഥാനെതിരെ വിജയവുമായി ശ്രീലങ്ക. ഇന്ന് നടന്ന ഗ്രൂപ്പ് 1 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 144/8 എന്ന സ്കോറിൽ പിടിച്ചുകെട്ടിയ ശേഷം 18.3 ഓവറിൽ ആണ് ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിച്ചത്.

66 റൺസുമായി പുറത്താകാതെ നിന്ന ധനന്‍ജയ ഡി സിൽവയാണ് ലങ്കയുടെ 6 വിക്കറ്റ് വിജയം സാധ്യമാക്കിയത്. കുശൽ മെന്‍ഡിസ്(25), ചരിത് അസലങ്ക(19), ഭാനുക രാജപക്സ(18) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. അഫ്ഗാനിസ്ഥാനായി മുജീബും റഷീദ് ഖാനും രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ വനിന്‍ഡു ഹസരംഗ തന്റെ നാലോവറിൽ വെറും 13 റൺസ് വിട്ട് നൽകി മൂന്ന് വിക്കറ്റ് നേടിയാണ് അഫ്ഗാനിസ്ഥാനെ പിടിച്ചുകെട്ടിയത്. 28 റൺസ് നേടിയ റഹ്മാനുള്ള ഗുര്‍ബാസ് ആയിരുന്നു അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറര്‍.