വീണ്ടും ഇന്ത്യയുടെ സര്‍വ്വാധിപത്യം, സ്കോട്‍ലാന്‍ഡിനെതിരെ 8 വിക്കറ്റ് വിജയം

അഫ്ഗാനിസ്ഥാനെ തകര്‍ത്തെറിഞ്ഞെത്തിയ ഇന്ത്യയ്ക്ക് മുന്നിൽ സ്കോട്‍ലാന്‍ഡും ചൂളി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സ്കോട്ലാന്‍ഡിനെ 17.4 ഓവറിൽ 85 റൺസിന് ഇന്ത്യ ഓള്‍ഔട്ട് ആക്കിയപ്പോള്‍ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും മൂന്ന് വീതം വിക്കറ്റ് നേടി. ജസ്പ്രീത് ബുംറയ്ക്ക് 2 വിക്കറ്റും ലഭിച്ചു.

86 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് 30 റൺസ് നേടിയ രോഹിത്തിനെ നഷ്ടമാകുമ്പോള്‍ 70 റൺസാണ് 5 ഓവറിൽ ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയത്. രാഹുല്‍ 50 റൺസ് നേടിയപ്പോള്‍ ഇന്ത്യ 6.3 ഓവറിൽ വിജയം ഉറപ്പാക്കി. 18 പന്തിൽ നിന്നാണ് കെഎൽ രാഹുല്‍ തന്റെ അര്‍ദ്ധ ശതകം തികച്ചത്. തൊട്ടടുത്ത പന്തിൽ താരം പുറത്താകുകയും ചെയ്തു.

വിജയ സമയത്ത് 6 റൺസുമായി സൂര്യകുമാര്‍ യാദവും 2 റൺസ് നേടിയ വിരാട് കോഹ്‍ലിയുമായിരുന്നു ക്രീസിൽ. സ്കോട്ലാന്‍ഡിനായി മാര്‍ക്ക് വാട്ടും ബ്രാഡ്ലി വീലും ഓരോ വിക്കറ്റ് നേടി.