വിറപ്പിച്ച് ശ്രീലങ്ക, ഒടുവിൽ കീഴടങ്ങി, ഇംഗ്ലണ്ട് സെമിയിൽ, ഓസ്ട്രേലിയ പുറത്ത്

ശ്രീലങ്കയ്ക്കെതിരെ  വിജയവുമായി ടി20 ലോകകപ്പ് സെമിയിൽ കടന്ന് ഇംഗ്ലണ്ട്. ഒരു ഘട്ടത്തിൽ അനായാസ ജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച ഇംഗ്ലണ്ടിനെ അവസാന ഓവര്‍ വരെ ചെറുത്ത് നിര്‍ത്തി പോരാട്ട വീര്യം പ്രകടിപ്പിച്ചാണ് ശ്രീലങ്ക കീഴടങ്ങിയത്. 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം ഇംഗ്ലണ്ട് മറികടന്നത്.

Alexhalesഇന്ന് 142 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ടീമിന് അലക്സ് ഹെയിൽസും ജോസ് ബട്‍ലറും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ 7.2 ഓവറിൽ ഇംഗ്ലണ്ട് 75 റൺസാണ് നേടിയത്. 28 റൺസ് നേടിയ ബട്‍ലറെയും 47 റൺസ് നേടിയ അലക്സ് ഹെയിൽസിനെയും വനിന്‍ഡു ഹസരംഗ അടുത്തടുത്ത ഓവറുകളിൽ പുറത്താക്കിയപ്പോള്‍ വീണ്ടും രണ്ട് വിക്കറ്റ് കൂടി ഇംഗ്ലണ്ടിന് നഷ്ടമായപ്പോള്‍ ടീം 106/4 എന്ന നിലയിലേക്ക് വീണു.

Waninduhasarangaമോയിന്‍ അലിയുടെ വിക്കറ്റും വേഗത്തിൽ നഷ്ടമായപ്പോള്‍ ബെന്‍ സ്റ്റോക്സ് 44 റൺസ് നേടി ടീമിനെ 4 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അവസാന ഓവറുകളിൽ റണ്ണൊഴുക്ക് ശ്രീലങ്ക തടഞ്ഞതോടെ ലക്ഷ്യം 12 പന്തിൽ 13 റൺസായി മാറി. വോക്സും സ്റ്റോക്സും വലിയ റിസ്ക് എടുക്കാതെ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചപ്പോള്‍ ഓവറിൽ നിന്ന് 8 റൺസാണ് പിറന്നത്. ഇതോടെ അവസാന ഓവറിൽ ജയത്തിനായി ഇംഗ്ലണ്ട് 5 റൺസായിരുന്നു നേടേണ്ടിയിരുന്നത്.

ആദ്യ മൂന്ന് പന്തിൽ മൂന്ന് റൺസ് മാത്രം പിറന്നപ്പോള്‍ വോക്സ് നാലാം പന്തിൽ ബൗണ്ടറി നേടി ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു.  ഹസരംഗയ്ക്ക് പുറമെ ധനന്‍ജയ ഡി സിൽവയും ലഹിരു കുമരയും രണ്ട് വിക്കറ്റ് ഇംഗ്ലണ്ടിനായി നേടി.