തന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് തീരുമാനിക്കേണ്ടത് ബോര്‍ഡ് – മഹമ്മുദുള്ള

സൂപ്പര്‍ 12ൽ അഞ്ചിൽ അഞ്ച് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ ബംഗ്ലാദേശിന്റെ ബോര്‍ഡിന് തന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള തീരുമാനം എടുക്കാമെന്ന് പറഞ്ഞ് ടീമിന്റെ ടി20 നായകന്‍ മഹമ്മുദുള്ള.

നാട്ടിൽ ഓസ്ട്രേലിയയെയും ന്യൂസിലാണ്ടിനെയും പരാജയപ്പെടുത്തി ആത്മവിശ്വാസത്തോടെ എത്തിയ ബംഗ്ലാദേശിന് ക്വാളിഫയറിൽ സ്കോട്‍ലാന്‍ഡിനോട് തോല്‍വിയായിരുന്നു ഫലം. പിന്നീട് ഒമാനെയും പാപുവ ന്യു ഗിനിയെയും മറികടന്ന് സൂപ്പര്‍ 12ൽ എത്തിയ ബംഗ്ലാദേശിന് അവിടെ ഒരു മത്സരം പോലും ജയിക്കുവാനായില്ല.

ഈ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ക്യാപ്റ്റന്‍സി ഒഴിയുമോ എന്ന ചോദ്യത്തിനാണ് ബംഗ്ലാദേശ് നായകന്‍ അത് തന്റെ കൈകളിൽ അല്ലെന്നും ബോര്‍ഡാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി.

താന്‍ തന്റെ ഭാഗത്ത് നിന്ന് മുഴുവന്‍ ശ്രമവും നടത്തിയെന്നും തന്റെ ക്യാപ്റ്റന്‍സിയ്ക്ക് തന്റെ ടീമംഗങ്ങളിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചില്ലെന്നത് സത്യമാണെന്നും മഹമ്മുദുള്ള സൂചിപ്പിച്ചു.

ടി20 ഫോര്‍മാറ്റിൽ നിന്ന് തനിക്ക് വിരമിക്കേണ്ട സമയം ആയിട്ടില്ലെന്നും മഹമ്മുദുള്ള കൂട്ടിചേര്‍ത്തു.