സൂപ്പര്‍ബ് ഷാക്കിബ്, മിന്നല്‍ പിണര്‍ ആയി ലിറ്റണ്‍ ദാസ്, വിന്‍ഡീസിനെ വീണ്ടും വീഴ്ത്തി ബംഗ്ലാദേശ്

ഷാക്കിബ് അല്‍ ഹസന്‍ ഈ ലോകകപ്പിലെ റെഡ് ഹോട്ട് ഫോം തുടര്‍ന്ന മത്സരത്തില്‍ വിന്‍ഡീസിനെയും വീഴ്ത്തി ബംഗ്ലാദേശ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 321 റണ്‍സ് നേടുവാന്‍ വിന്‍ഡീസിനായെങ്കിലും ഷാക്കിബും ഒപ്പം ലിറ്റണ്‍ ദാസും തമീം ഇക്ബാലും തകര്‍ത്ത് കളിച്ചപ്പോള്‍ അടുത്തിടെയായി വിന്‍ഡീസിനെ കെട്ട് കെട്ടിക്കുന്ന പതിവ് ഇന്നും ബംഗ്ലാദേശ് ആവര്‍ത്തിക്കുകയായിരുന്നു. 41.3 ഓവറില്‍ 7 വിക്കറ്റ് വിജയം കരസ്ഥമാക്കുമ്പോള്‍ ബംഗ്ലാദേശ് വിന്‍ഡീസിനെ നിഷ്പ്രഭമാക്കുകയാണ് ചെയ്തത്. 124 റണ്‍സ് നേടിയ ഷാക്കിബ് അല്‍ ഹസനൊപ്പം 94 റണ്‍സ് നേടി ലിറ്റണ്‍ ദാസും ഒപ്പം കൂടിയപ്പോള്‍ ബംഗ്ലാദേശിന്റെ ജയം അനായാസം ആകുകയായിരുന്നു. 135 പന്തില്‍ നിന്ന് 189 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

മികച്ച തുടക്കത്തിനു ശേഷം സൗമ്യ സര്‍ക്കാര്‍(29) പുറത്തായെങ്കിലും തമീമും ഷാക്കിബും ചേര്‍ന്ന് 69 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടി ബംഗ്ലാദേശിനെ മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാല്‍ ഷാക്കിബിന്റെ സ്ഥിരം കൂട്ടുകെട്ടിലെ പങ്കാളിയായ മുഷ്ഫിക്കുര്‍ റഹിമിനെ ടീമിനു വേഗത്തില്‍ നഷ്ടമായപ്പോള്‍ 19 ഓവറില്‍ 133/3 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്.

എന്നാല്‍ മത്സരത്തിലെ തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് ഷാക്കിബും ടൂര്‍ണ്ണമെന്റിലെ തന്റെ ആദ്യ മത്സരത്തിനെത്തുന്ന ലിറ്റണ്‍ ദാസും ഇന്ന് പുറത്തെടുത്തത്. ദാസും ഷാക്കിബും തകര്‍ത്ത് കളിച്ചപ്പോള്‍ വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് തൊടുന്നതെല്ലാം പിഴയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. യാതൊരുവിധത്തിലുള്ള അവസരവും വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് സൃഷ്ടിക്കാനാകാതെ പോയപ്പോള്‍ 35 ഓവറില്‍ ബംഗ്ലാദേശ് 253/3 എന്ന കരുത്താര്‍ന്ന നിലയിലേക്ക് എത്തുകയായിരുന്നു. ഷാക്കിബ് 101 റണ്‍സും ലിറ്റണ്‍ ദാസ് 51 റണ്‍സും നേടി കരുത്തോടെ ക്രീസില്‍ നില്‍ക്കുകയായിരുന്നു അപ്പോള്‍.

99 പന്തില്‍ നിന്നായിരുന്നു ഷാക്കിബിന്റെ മാസ്മരിക ഇന്നിംഗ്സ്. 16 ബൗണ്ടറികളാണ് താരം നേടിയത്. അതേ സമയം 69 പന്തില്‍ നിന്ന് 8 ഫോറും 4 സിക്സും സഹിതമായിരുന്നു ലിറ്റണ്‍ ദാസിന്റെ പ്രകടനം.

Previous articleഇന്ത്യയുടെ വിജയത്തിന് കാരണം ഐ.പി.എൽ ആണെന്ന് ഷാഹിദ് അഫ്രീദി
Next articleശതകത്തിനിടെ ഷാക്കിബ് മറികടന്നത് ഒട്ടേറെ നേട്ടങ്ങള്‍