മത്സരം മാറ്റി മറിച്ചത് മുസ്തഫിസുര്‍ നേടിയ വിക്കറ്റുകള്‍

മുസ്തഫിസു‍ര്‍ റഹ്മാന്‍ ഷിമ്രണ്‍ ഹെറ്റ്മ്യറെയും ആന്‍ഡ്രേ റസ്സലിനെയും ഒരേ ഓവറില്‍ പുറത്താക്കിയതാണ് മത്സരത്തിലെ ടേണിംഗ് പോയിന്റ് എന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ. 25 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ഹെറ്റ്മ്യറിനെ പുറത്താക്കി രണ്ട് പന്തുകള്‍ക്ക് ശേഷം അപകടകാരിയായ ആന്‍ഡ്രേ റസ്സലിനെയും മുസ്തഫിസുര്‍ പുറത്താക്കിയതാണ് 350നു മേലുള്ള സ്കോര്‍ നേടുന്നതില്‍ നിന്ന് വിന്‍ഡീസിനു തടസ്സമായത്. മത്സരത്തില്‍ പിന്നെ വിന്‍ഡീസിന്റെ റണ്ണൊഴുക്ക് നഷ്ടപ്പെടുകയായിരുന്നു. ഇന്നിംഗ്സ് 321 റണ്‍സില്‍ എത്തിച്ചുവെങ്കിലും ബംഗ്ലാദേശ് ലക്ഷ്യം അനായാസം മറികടന്നു.

ഈ ലോകകപ്പില്‍ ഷാക്കിബ് ടീമിനു വേണ്ടി ബാറ്റ് കൊണ്ടും ബോള് കൊണ്ടും സംഭാവന ചെയ്തിട്ടുണ്ട്. തമീമും സൗമ്യ സര്‍ക്കാരും മികച്ച തുടക്കമാണ് നല്‍കിയത്. ലിറ്റണ്‍ ദാസിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. താരം പൊതുവേ ടോപ് 3ല്‍ ബാറ്റ് ചെയ്യുന്ന ആളാണ്, ലിറ്റണിനോട് അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത് കടന്ന കൈയ്യാണെങ്കിലും തന്റെ ദൗത്യം ഇന്ന് ലിറ്റണ്‍ ദാസ് നിറവേറ്റിയെന്നും ടീമിനു അത് ഏറെ ഗുണകരമായി എന്നും മൊര്‍തസ പറഞ്ഞു.

ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാല്‍ തങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ താന്‍ പറഞ്ഞിരുന്നു, അതിലെ ആദ്യ പടിയാണ് ഇന്നത്തെ വിജയമെന്നും മൊര്‍തസ അഭിപ്രായപ്പെട്ടു. തങ്ങള്‍ക്ക് ഡെത്ത് ഓവറുകള്‍ എറിയുവാന്‍ ആവശ്യത്തിനു ബൗളര്‍മാരുണ്ടെന്നും അതിനാല്‍ അത് ഒരു തലവേദനയല്ലെന്നും മൊര്‍തസ പറഞ്ഞു.

Previous articleഅയാക്സിലൂടെ വളർന്ന ഡച്ച് ഡിഫൻഡർ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നു
Next articleവനിതാ ലോകകപ്പ്, ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നും ജയിച്ച് ഫ്രാൻസ്