പേസ് ബൗളിംഗിനു അനുകൂലമായി പിച്ചിലാണ് താഹിറിന്റെ ഈ പ്രകടനം, കഴിഞ്ഞ രണ്ട് വര്‍ഷമായി ദക്ഷിണാഫ്രിക്കയെ കരുത്തനാക്കുന്നത് താഹിര്‍

കഴിഞ്ഞ രണ്ട് വര്‍ഷമായി താഹിര്‍ ഒറ്റയ്ക്കാണ് ദക്ഷിണാഫ്രിക്കയെ കരുത്താര്‍ന്ന ടീമാക്കി മാറ്റിയതെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. താഹിറിന്റെ മധ്യ ഓവറുകളില്‍ വിക്കറ്റ് നേടുവാനുള്ള കഴിവാണ് ഇതിനു പിന്നില്‍. അഫ്ഗാനിസ്ഥാനെതിരെയും സമാനമായ സ്ഥിതി തന്നെയാണുണ്ടായത്. പേസ് ബൗളിംഗിനു അനുകൂലമായ പിച്ചായിരുന്നു കാര്‍ഡിഫിലേതെന്ന് ഫാഫ് പറഞ്ഞു.

മോറിസും താഹിറും മധ്യ ഓവറുകള്‍ അവിസ്മരണീയ പ്രകടനമാണ് നടത്തിയത്. സ്പിന്നിനു അധികം പിന്തുണ ലഭിക്കാത്ത പിച്ചിലാണ് താഹിറിന്റെ ഈ പ്രകടനം. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ചൊരു ദിവസമായിരുന്നു. ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം നേടിയ ദിവസം. ഇതിനെക്കുറിച്ച് എപ്പോളും ടീം സംസാരിക്കാറുണ്ട്, ഇന്ന് അത് പ്രാവര്‍ത്തികമാക്കുവാനും ടീമിനു സാധിച്ചുവെന്ന് ഫാഫ് ഡു പ്ലെസി പറഞ്ഞു.

സ്വതവേ ഡി കോക്ക് അടിച്ച് കളിക്കുന്ന താരമാണ് എന്നാല്‍ സാഹചര്യങ്ങള്‍ താരത്തെ ന്യൂ ബോളിനെ ശ്രദ്ധയോടെ കളിക്കുവാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ലക്ഷ്യം ചെറുതാണെങ്കിലും ഓപ്പണിംഗ് കൂട്ടുകെട്ട് കുറഞ്ഞത് 60-70 റണ്‍സ് നേടണമെന്നതായിരുന്നു ടീമിന്റെ പദ്ധതി. മെല്ലെയാണെങ്കിലും മികച്ച തുടക്കം ലഭിച്ചാല്‍ റണ്‍റേറ്റ് പിന്നീട് മെച്ചപ്പെടുത്താമെന്ന വിശ്വാസം ടീമിനുണ്ടായിരുന്നു. അംല റണ്‍സ് കണ്ടെത്തിയതും ആശ്വാസകരമായ കാര്യമാണ്, ഇനിയുള്ള മത്സരങ്ങളില്‍ ടീമിനു അത് ഗുണം ചെയ്യുമെന്നും ഫാഫ് ഡു പ്ലെസി വ്യക്തമാക്കി.

Previous articleതങ്ങള്‍ക്കിതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച ബാറ്റിംഗ് ട്രാക്ക്, എന്നാല്‍ ഞങ്ങള്‍ ആ അവസരം കൈവിട്ടു
Next articleസൂപ്പർ കപ്പിൽ കളിക്കാത്ത ക്ലബുകളുടെ പിഴ 37 ലക്ഷമാക്കും, പുതിയ ഐലീഗ് ക്ലബിനും പണി