ലോകകപ്പിനിന്ന് ആവേശപ്പോരാട്ടത്തോടെ തുടക്കം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

2019 ഏകദിന ലോകകപ്പിന് ഇന്ന് ഓവലില്‍ തുടക്കം. ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരും ലോക റാങ്കിംഗില്‍ ഒന്നാം നമ്പറുകാരുമായ ഇംഗ്ലണ്ട് നിലവിലെ മൂന്നാം റാങ്കുകാരായ ദക്ഷിണാഫ്രിക്കയെ നേരിടും. ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കരുത്തും ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളര്‍മാരും തമ്മിലാവും പോരാട്ടം. ജേസണ്‍ റോയ്-ജോണി ബൈര്‍സ്റ്റോ നല്‍കുന്ന ഓപ്പണിംഗ് കൂട്ടുകെട്ടിനൊപ്പം ഇംഗ്ലണ്ടിന്റെ മധ്യനിരയെ ശക്തി പകരുവാന്‍ ജോ റൂട്ടും ഓയിന്‍ മോര്‍ഗനും നിലകൊള്ളുന്നുണ്ട്. നിലവിലെ 360° ബാറ്റ്സ്മാന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ജോസ് ബട്‍ലറുടെ സാന്നിധ്യവും ടീമിന്റെ ശക്തി ഇരട്ടിയാക്കുന്നുണ്ട്. ഈ ടൂര്‍ണ്ണമെന്റില്‍ 500 റണ്‍സ് കടക്കുവാന്‍ ഏറെ സാധ്യത കല്പിക്കുപ്പെടുന്ന ടീമാണ് ഇംഗ്ലണ്ടിന്റേത്.

അതേ സമയം ബൗളിംഗില്‍ ജോഫ്ര ആര്‍ച്ചറാണ് ഇംഗ്ലണ്ടിന്റെ പുതിയ വജ്രായുധം. മോയിന്‍ അലിയും ആദില്‍ റഷീദും സ്പിന്‍ കരുത്താകുമ്പോള്‍ ബെന്‍ സ്റ്റോക്സും ക്രിസ് വോക്സും ടോം കറനും ടീമിന്റെ ഓള്‍റൗണ്ടിംഗ് ശക്തികളാകുന്നു.

ടോപ് ഓര്‍ഡറിലെ മൂന്ന് താരങ്ങളെയാണ് ദക്ഷിണാഫ്രിക്ക ഏറെ ആശ്രയിക്കേണ്ടിയിരിക്കുന്നത്. ക്വിന്റണ്‍ ഡി കോക്കും ഹാഷിം അംലയും അടങ്ങുന്ന ഓപ്പണിംഗ് കൂട്ടുകെട്ട് ഏത് ടീമിനെതിരെയും ശക്തമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിക്കുന്നവരാണ്. ഫാഫ് ഡു പ്ലെസിയും അംലയെ പോലെ ടീമിലെ മുതിര്‍ന്ന താരമായതിനാല്‍ അനുഭവസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നു. കാഗിസോ റബാഡയുടെ ബൗളിംഗ് കരുത്തിനെയാവും ദക്ഷിണാഫ്രിക്ക ഏറെ ആശ്രയിക്കുക. ഐപിഎലില്‍ താരം പുറത്തെടുത്ത മികവ് ഏവരും കണ്ടതാണ്, അതേ സമയം ടീമിനു ഡെയില്‍ സ്റ്റെയിനിന്റെ സേവനം നഷ്ടമാകും. വെറ്ററന്‍ താരങ്ങളായ ജെപി ഡുമിനിയും ഇമ്രാന്‍ താഹിറും ടീമിലെ നിര്‍ണ്ണായക സ്വാധീനമായി മാറുമെന്നുമാണ് കരുതപ്പെടുന്നത്.