റസ്സലിന്റെ സിക്സുകള്‍ ഹൃദ്യം, പക്ഷേ തന്റെ സിക്സുകള്‍ മികച്ചത്

വിന്‍ഡീസ് ലോകകപ്പ് ടീമിലെ തന്റെ സഹതാരം ആന്‍ഡ്രേ റസ്സലിന്റെ സിക്സുകള്‍ ഏറെ ഹൃദ്യമാണെന്ന് അഭിപ്രായപ്പെട്ട് ക്രിസ് ഗെയില്‍. എന്നാല്‍ തന്റെ സിക്സുകളാണ് മികച്ചതെന്ന് ക്രിസ് പറഞ്ഞു. ഐപിഎലില്‍ സിക്സടികളിലൂടെ ഗെയിലിനെ വരെ കടത്തിവെട്ടിയ താരമാണ് ആന്‍ഡ്രേ റസ്സല്‍. ഇത്തവണ ഇരു താരങ്ങളും കൂടി 86 സിക്സുകളാണ് ഐപിഎലില്‍ നേടിയത്. ഗെയിലിനു പതിവു ശൈലിയില്‍ ഏറെ നേരം ബാറ്റ് വീശാനായില്ലെങ്കിലും റസ്സല്‍ ടൂര്‍ണ്ണമെന്റിലെ വെടിക്കെട്ട് താരമായി മാറിക്കഴിഞ്ഞിരുന്നു.

ലോകകപ്പില്‍ ആദ്യമായി ഇരട്ട ശതകം നേടുന്ന താരമെന്ന ബഹുമതി ഗെയില്‍ കഴിഞ്ഞ ലോകകപ്പില്‍ നേടിയിരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗുമായി അനുബന്ധമായി നടത്തിയ അഭിമുഖത്തിലാണ് ഗെയില്‍ റസ്സലിന്റെ സിക്സുകളുമായി താരതമ്യം ചെയ്യുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ രസകരമായ മറുപടി നല്‍കിയത്. റസ്സലിനെ ബൗളര്‍മാര്‍ക്ക് പേടിയാണെങ്കിലും യൂണിവേഴ്സ് ബോസ് തന്നെയാണ് അപകടകാരിയായ ബാറ്റ്സ്മാനെന്ന് ഗെയില്‍ വ്യക്തമാക്കി. അതില്‍ യാതൊരു സംശയവുമില്ലെന്നാണ് ഗെയില്‍ പറയുന്നത്.

റസ്സലിനെ ബൗളര്‍മാര്‍ക്ക് പേടിയാണ്, താന്‍ സെറ്റ് ചെയ്യുന്ന ട്രെന്‍ഡിനു ഒപ്പം എത്തുന്ന താരമാണ് റസ്സല്‍ എന്നും ഗെയില്‍ പറഞ്ഞു. റസ്സല്‍ വലിയ സിക്സുകള്‍ അടിയ്ക്കുമെങ്കിലും പൊതുവേ താരത്തിന്റെ സിക്സുകള്‍ ഫ്ലാറ്റാണ്, അതേ സമയം തന്റെ സിക്സുകള്‍ ദൂരെ ചെന്ന് വീഴുന്നതാണെന്നും ക്രിസ് ഗെയില്‍ പറഞ്ഞു.