ഫിഞ്ച് നല്‍കിയ തുടക്കം തനിക്ക് ആവശ്യത്തിനു സമയം നല്‍കി

- Advertisement -

ആരോണ്‍ ഫിഞ്ച് ഓസ്ട്രേലിയയ്ക്കായി നല്‍കിയ തുടക്കം തനിക്ക് ആവശ്യത്തിനു സമയം നല്‍കിയെന്ന് അഭിപ്രായപ്പെട്ട് ഇന്നലെ അഫ്ഗാനിസ്ഥാനെതിരെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ഡേവിഡ് വാര്‍ണര്‍. 2015ലെ ടീമിനെ അപേക്ഷിച്ച് അനുഭവ പരിചയം കുറവുള്ള ടീമാണിപ്പോളുള്ളത്, അന്നത്തെ താരങ്ങള്‍ക്ക് ഏറെ അനുഭവ പരിചയമുള്ളവരായിരുന്നു എന്നാല്‍ ഇന്നത്തേത് താരതമ്യേന യുവനിരയാണ്.

74 പന്തില്‍ നിന്ന് മാത്രം തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ഡേവിഡ് വാര്‍ണര്‍ മത്സരം അവസാനിച്ചപ്പോള്‍ 114 പന്തില്‍ നിന്ന് 89 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. അതേ സമയം മിന്നും തുടക്കമാണ് മറുവശത്ത് ആരോണ്‍ ഫിഞ്ച് ടീമിനു നല്‍കിയത്. 49 പന്തില്‍ നിന്ന് 66 റണ്‍സാണ് താരം നേടിയത്. ഒന്നാം വിക്കറ്റില്‍ 96 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന താരമാണ് ഡേവിഡ് വാര്‍ണര്‍. കേപ് ടൗണിലെ പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം അടുത്തിടെ മാത്രമാണ് താരം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്തിയത്. തുടക്കം വിജയത്തോടെ ആയതില്‍ ഏറെ സന്തോഷമുണ്ടെന്നും തനിക്ക് അല്പം സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷമായി ടി20 ക്രിക്കറ്റില്‍ മാത്രമാണ് താന്‍ കൂടതല്‍ കളിച്ചതെന്നും തനിക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നുവെന്ന് ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.

Advertisement