ടി20 ബ്ലാസ്റ്റിനായി ഹാമിഷ് റൂഥര്‍ഫോര്‍ഡ് വോര്‍സ്റ്റര്‍ഷയറിനൊപ്പമെത്തും

- Advertisement -

ന്യൂസിലാണ്ട് താരം ഹാമിഷ് റൂഥര്‍ഫോര്‍ഡ് ഈ വര്‍ഷത്തെ ടി20 ബ്ലാസ്റ്റിന് എത്തും. വോര്‍സ്റ്റര്‍ഷയറിനൊപ്പമാണ് താരം കരാറിലെത്തിയിരിക്കുന്നത്. കരാര്‍ പ്രകാരം ഈ ടി20 ബ്ലാസ്റ്റ് സീസണ്‍ മുഴുവന്‍ താരം ടീമിനൊപ്പമുണ്ടാകും എന്നാണ് അറിയുന്നത്. ഓസ്ട്രേലിയയുടെ ആഷ്ടണ്‍ ടര്‍ണറുടെ അഭാവത്തിലാണ് കൗണ്ടി ഹാമിഷുമായി കരാറിലെത്തിയിരിക്കുന്നത്.

വെസ്റ്റേണ്‍ ഓസ്ട്രേലിയയുമായുള്ള മത്സരങ്ങള്‍ കാരണമാണ് ടര്‍ണര്‍ ഈ വര്‍ഷം ടി20 ബ്ലാസ്റ്റിനെത്താത്തത്. കഴിഞ്ഞ ഒക്ടോബറില്‍ 2020 സീസണിലേക്ക് ഹാമിഷ് റൂഥര്‍ഫോര്‍ഡിനെ എല്ലാ ഫോര്‍മാറ്റിലേക്കുമാണ് കൗണ്ടി കരാറിലെത്തിച്ചതെങ്കിലും കൊറോണയുടെ സ്ഥിതി കാരണം താരത്തിനെ ഇപ്പോള്‍ ടി20 ബ്ലാസ്റ്റിന് വേണ്ടി മാത്രമാണ് പരിഗണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം താരം ടീമിന് വേണ്ടി ഫസ്റ്റ് ക്ലാസ്സിലും ലിസ്റ്റ് എ മത്സരത്തിലും ശതകങ്ങള്‍ നേടിയിരുന്നു. എസ്സെക്സുമായുള്ള ടി20 ബ്ലാസ്റ്റ് ഫൈനല്‍ മത്സരത്തിലും റൂഥര്‍ഫോര്‍ഡ് ടീമിന്റെ ഭാഗമായിരുന്നു. മത്സരത്തില്‍ തങ്ങളുടെ കിരീടം നിലനിര്‍ത്തുന്നതില്‍ വോര്‍സ്റ്റര്‍ഷയര്‍ പരാജയപ്പെടുകയായിരുന്നു.

Advertisement