തായ്‍ലാന്‍ഡിനെതിരെ ഏഴ് വിക്കറ്റ് വിജയം നേടി വിന്‍ഡീസ് വനിതകള്‍

- Advertisement -

വനിത ടി20 ലോകകപ്പില്‍ തായ്‍ലാന്‍ഡിനെതിരെ വിജയവുമായി വിന്‍ഡീസ്. വിന്‍ഡീസിനെ തായ്‍ലാന്‍ഡ് ബൗളര്‍മാര്‍ ആദ്യം വിറപ്പിച്ചുവെങ്കിലും മധ്യനിരയുടെ പ്രകടനം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 78 റണ്‍സിന് തായ്‍ലാന്‍ഡിനെ പിടിച്ച് കെട്ടിയ ശേഷം ലക്ഷ്യം 16.4 ഓവറിലാണ് മൂന്ന് വിക്കറ്റ് നഷ്ടവുമായി വിന്‍ഡീസ് മറികടന്നത്.

റണ്ണൗട്ടുകള്‍ വിന്‍ഡീസിന് വിനയായപ്പോള്‍ ടീം 27/3 എന്ന നിലയില്‍ പരുങ്ങലിലായെങ്കിലും ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയിലറും ഷെമൈന്‍ കാംപെല്ലും ചേര്‍ന്ന് ടീമിനെ നാലാം വിക്കറ്റില്‍ 53 റണ്‍സ് കൂട്ടുകെട്ടുമായി വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സ്റ്റെഫാനി 26 റണ്‍സും ഷെമൈന്‍ 25 റണ്‍സും നേടിയാണ് അപരാജിത കൂട്ടുകെട്ടിലൂടെ ടീമിന്റെ വിജയം ഉറപ്പാക്കിയത്. ഹെയ്‍ലി മാത്യൂസ് 16 റണ്‍സ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത തായ്‍ലാന്‍ഡിന് വേണ്ടി 33 റണ്‍സ് നേടിയ നാന്നാപാട് കൊഞ്ചാറോയന്‍കായ് ആണ് ടോപ് സ്കോറര്‍. മറ്റാര്‍ക്കും തന്നെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാനായില്ല. സ്റ്റെഫാനി ടെയിലര്‍ ബൗളിംഗില്‍ മൂന്ന് വിക്കറ്റുമായി തിളങ്ങുകയായിരുന്നു.

Advertisement