71 റൺസ് ജയം നേടിയെങ്കിലും സെമി കാണാതെ ആതിഥേയര്‍ക്ക് മടക്കം

പാക്കിസ്ഥാനെതിരെ 71 റൺസ് വിജയം നേടിയെങ്കിലും വനിത ഏകദിന ലോകകപ്പ് സെമി ഫൈനൽ കാണാതെ ആതിഥേയരായ ന്യൂസിലാണ്ടിന് മടക്കം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 265/8 എന്ന സ്കോര്‍ നേടിയപ്പോള്‍ പാക്കിസ്ഥാന് 9 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് മാത്രമേ നേടാനായുള്ളു.

126 റൺസ് നേടിയ സൂസി ബെയ്‍റ്റ്സും ബൗളിംഗിൽ അഞ്ച് വിക്കറ്റ് നേടിയ ഹന്ന റോവുമാണ് ആതിഥേയര്‍ക്കായി തിളങ്ങിയത്. പാക്കിസ്ഥാന് വേണ്ടി നിദ ദാര്‍ 50 റൺസ് നേടിയപ്പോള്‍ ബിസ്മ മാറൂഫ് 38 റൺസ് നേടി.

പാക്കിസ്ഥാന്‍ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായപ്പോള്‍ ന്യൂസിലാണ്ട് ആറാം സ്ഥാനത്താണ് ടൂര്‍ണ്ണമെന്റ് അവസാനിപ്പിച്ചത്. വെസ്റ്റിന്‍ഡീസിനെതിരെ ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തിലേറ്റ 3 റൺസ് തോല്‍വിയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും അവസാനം വരെ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും വിജയം നേടാനാകാതെ പോയതാണ് ന്യൂസിലാണ്ടിന് തിരിച്ചടിയായത്.