സ്മൃതി മന്ഥാന വെസ്റ്റേണ്‍ സ്റ്റോമിന് വേണ്ടി കളിക്കാന്‍ മടങ്ങിയെത്തും, ദീപ്തി ശര്‍മ്മയ്ക്കൊപ്പം കളിയ്ക്കും

2019 വനിത ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ വെസ്റ്റേണ്‍ സ്റ്റോമിനായി കളിക്കുവാന്‍ സ്മൃതി മന്ഥാന മടങ്ങിയെത്തും. കഴിഞ്ഞാഴ്ച കരാറിലെത്തിയ ദീപ്തി ശര്‍മ്മയ്ക്കൊപ്പം ഇന്ത്യന്‍ ഓപ്പണിംഗ് താരവും ഈ സീസണില്‍ വെസ്റ്റേണ്‍ സ്റ്റോമിനൊപ്പമുണ്ടാകുമെന്ന് ഉറപ്പായി. കഴിഞ്ഞ സീസണില്‍ ഒരു ശതകവും രണ്ട് അര്‍ദ്ധ ശതകവും ഉള്‍പ്പെടെ 421 റണ്‍സാണ് സ്മൃതി നേടിയത്.

വെസ്റ്റേണ്‍ സ്റ്റോമിലേക്ക് തിരികെ വരാനായതില്‍ താന്‍ ഏറെ സന്തുഷ്ടയാണെന്ന് സ്മൃതി പറഞ്ഞു. താന്‍ ഇവിടെ കളിച്ച ഓരോ നിമിഷവും ആസ്വദിച്ചിരുന്നുവെന്നും ഈ വര്‍ഷം കപ്പ് നേടുവാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സ്മൃതി വ്യക്തമാക്കി.