മികച്ച തുടക്കത്തിന് ശേഷം ശ്രീലങ്ക തകര്‍ന്നു, മൂന്നാം ടി20യിലും പാക്കിസ്ഥാന് വിജയം

ശ്രീലങ്കയ്ക്കെതിരെ ടി20 പരമ്പര തൂത്തുവാരി പാക്കിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 107/8 എന്ന സ്കോര്‍ നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 6 വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിലാണ് വിജയം നേടിയത്. അവസാന ഓവറിൽ 8 റൺസായിരുന്നു പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. രണ്ട് പന്തിൽ 4 റൺസെന്ന നിലയിൽ ബിസ്മ മാറൂഫ് 2 ഡബിള്‍ നേടി ടീമിന്റെ 4 വിക്കറ്റ് വിജയം ഒരുക്കുകയായിരുന്നു.

Srilankapak

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കന്‍ ഓപ്പണിംഗ് കൂട്ടുകെട്ട് 69 റൺസ് നേടിയെങ്കിലും തുടരെ വിക്കറ്റുകള്‍ നഷ്ടമായി ശ്രീലങ്കയുടെ ഇന്നിംഗ്സ് 107 റൺസിലൊതുങ്ങുകയായിരുന്നു. ഹസിനി പെരേര(24), ചാമരി അത്തപ്പത്തു(37) എന്നിവര്‍ക്ക് ശേഷം 83/7 എന്ന നിലയിലേക്ക് വീണ ശ്രീലങ്കയെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് നൂറ് കടത്തിയത്.
അനുഷ്ക സഞ്ജീവനി(14), സുഗന്ദിക കുമാരി(10) എന്നിവര്‍ ചേര്‍ന്ന് 24 റൺസാണ് എട്ടാം വിക്കറ്റിൽ നേടിയത്.

ചേസിംഗിനിറങ്ങിയ പാക്കിസ്ഥാനെ വിക്കറ്റുകളുമായി സമ്മര്‍ദ്ദത്തിലാക്കുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചു. മുനീബ അലി 25 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ആലിയ റിയാസ്(17), നിദ ദാര്‍(14), ബിസ് മാറൂഫ്(15*) എന്നിവര്‍ വിജയികള്‍ക്കായി റൺസ് കണ്ടെത്തി. ശ്രീലങ്കയ്ക്കായി ഒഷാഡി രണസിംഗേ മൂന്നും കവിഷ ദിൽഹാരി രണ്ടും വിക്കറ്റ് നേടി.