20 ഓവറുകള്‍ക്ക് ശേഷം ഒപ്പത്തിനൊപ്പം, സൂപ്പര്‍ ഓവറിൽ വിജയം ന്യൂസിലാണ്ടിന്

ന്യൂസിലാണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള നാലാം ടി20യിൽ വിജയം നേടി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 111/4 എന്ന സ്കോര്‍ നേടിയപ്പോള്‍ വെസ്റ്റിന്‍ഡീസ് 111/9 എന്ന സ്കോറാണ് നേടിയത്. സൂപ്പര്‍ ഓവറിൽ വെസ്റ്റിന്‍ഡീസ് 15 റൺസ് നേടിയപ്പോള്‍ ന്യൂസിലാണ്ടിനായി ആദ്യ പന്തിലും അവസാന പന്തിലും സിക്സര്‍ പറത്തി സോഫി ഡിവൈന്‍ ന്യൂസിലാണ്ടിന്റെ വിജയം ഉറപ്പാക്കി. അവസാന പന്തിൽ ന്യൂസിലാണ്ടിന് ബൗണ്ടറിയായിരുന്നു വിജയത്തിനായി വേണ്ടിയിരുന്നത്.

49 റൺസുമായി പുറത്താകാതെ നിന്ന അമേലിയ കെര്‍ ആണ് നേരത്തെ ന്യൂസിലാണ്ട് ഇന്നിംഗ്സിനെ 111 റൺസിലേക്ക് എത്തിച്ചത്. വിന്‍ഡീസ് നിരയിൽ ചെഡീന്‍ നേഷന്‍ നേടിയ 23 റൺസാണ് തുണയായത്.

വെസ്റ്റിന്‍ഡീസിന് അവസാന ഓവറിൽ നാല് റൺസ് വേണ്ടപ്പോള്‍ നേഷന്‍ ക്രീസിലുള്ളത് ടീമിന് പ്രതീക്ഷയായിരുന്നു. എന്നാൽ മൂന്നാം പന്തിൽ താരം പുറത്തായത് വെസ്റ്റിന്‍ഡീസിന് തിരിച്ചടിയായി. അവസാന പന്തിൽ ഒരു റൺസ് വേണ്ടപ്പോള്‍ ആഫി ഫ്ലെച്ചറെയും വെസ്റ്റിന്‍ഡീസിന് നഷ്ടമായതോടെ കാര്യങ്ങള്‍ സൂപ്പര്‍ ഓവറിലേക്ക് നീങ്ങി.