അവസാന പന്തില്‍ വിജയം നേടി ന്യൂസിലാണ്ട്

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യില്‍ അവസാന പന്തില്‍ വിജയം പിടിച്ചെടുത്ത് ന്യൂസിലാണ്ട്. ഇന്ന് നേപ്പിയറില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സാണ് നേടിയത്. 61 റണ്‍സ് നേടി പുറത്താകാതെ നിന്ന് ബെത്ത് മൂണിയാണ് ടീമിന്റെ ടോപ് സ്കോറര്‍. റേച്ചല്‍ ഹെയ്‍ന്‍സ്(29), മെഗ് ലാന്നിംഗ്(27) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ന്യൂസിലാണ്ടിന് വേണ്ടി ഫ്രാന്‍സസ് മകായ് രണ്ട് വിക്കറ്റ് നേടി.

9 റണ്‍സായിരുന്നു ന്യൂസിലാണ്ടിന് അവസാന ഓവറില്‍ നേടേണ്ടിയിരുന്നത്. മാഡി ഗ്രീന്‍ ആദ്യ പന്തില്‍ ബൗണ്ടറി നേടി ലക്ഷ്യം അഞ്ച് പന്തില്‍ 5 റണ്‍സാക്കി മാറ്റി. പിന്നീടുള്ള നാല് പന്തില്‍ 2 റണ്‍സ് മാത്രം പിറന്നപ്പോള്‍ വിജയത്തിന് അവസാന പന്തില്‍ മൂന്ന് റണ്‍സ് നേടേണ്ട സ്ഥിതിയിലായി ന്യൂസിലാണ്ടിന്. നിക്കോള കാറെ എറിഞ്ഞ ഓവറിലെ അവസാന പന്തില്‍ ബൗണ്ടറി നേടി മാഡി ഗ്രീന്‍ ന്യൂസിലാണ്ടിനെ 4 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

46 റണ്‍സ് നേടിയ ഫ്രാന്‍സസ് മകായ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ അമേലിയ കെര്‍ 36 റണ്‍സ് നേടി. മാഡി ഗ്രീന്‍(8 പന്തില്‍ 16), ഹന്ന റോവ്(10 പന്തില്‍ 14) എന്നിവര്‍ പുറത്താകാതെ നിന്നാണ് ന്യൂസിലാണ്ടിന്റെ വിജയം ഉറപ്പാക്കിയത്.