വനിത ഐപിഎൽ കളിക്കണം, റിട്ടയര്‍മെന്റിൽ നിന്ന് തിരിച്ചുവന്നേക്കുമെന്ന സൂചനയുമായി മിത്താലി രാജ്

Sports Correspondent

തന്റെ 23 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിന് വിരാമം കുറിച്ച മിത്താലി രാജ് ആ തീരുമാനം പിന്‍വലിച്ച് തിരിച്ചെത്തിയേക്കുമെന്ന സൂചന നൽകി. വനിത ഐപിഎൽ കളിക്കുന്നതിനായാണ് താരം ഇക്കാര്യം ആലോചിക്കുന്നതെന്നാണ് താരം വ്യക്തമാക്കിയത്.

വനിത ടി20 ചല‍ഞ്ച് ബിസിസിഐ നടത്തുന്നുണ്ടെങ്കിലും പൂര്‍ണ്ണ തോതിലുള്ള വനിത ഐപിഎൽ 2023ൽ തുടങ്ങുവാന്‍ ബിസിസിഐ ആലോചിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ ബിസിസിഐ തന്നെ സ്ഥിരീകരിച്ചിരുന്നു.

താരം ഈ ടൂര്‍ണ്ണമെന്റിൽ കളിക്കുമോ എന്ന ചോദ്യത്തിനാണ് അന്തിമ തീരുമാനം ഒന്നും എടുത്തില്ലെങ്കിലും താന്‍ ഈ സാധ്യത തള്ളിക്കളയുന്നില്ലെന്ന് മിത്താലി വ്യക്തമാക്കിയത്.