ബിസിസിഐ ഇന്ത്യന്‍ വനിത ടീമിന്റെ ടി20 ലോകകപ്പ് റണ്ണേഴ്സ് അപ്പ് പ്രൈസ് മണി നല്‍കുന്നത് വൈകിപ്പിച്ച വാര്‍ത്തകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. പുരുഷ ടീമിനെ അപേക്ഷിച്ച് ഇന്ത്യന്‍ വനിത ടീം ഏറെ അവഗണന നേരിടുന്നുണ്ടെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് താരവും ഇപ്പോള്‍ കമന്റേറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇഷ ഗുഹ രംഗത്തെത്തുകയായിരുന്നു.
ഇന്ത്യന്‍ വനിതകള്‍ക്ക് പുരുഷ ടീമിന് ലഭിയ്ക്കുന്ന പരിഗണന ലഭിയ്ക്കുകയാണെങ്കില്‍ ലോക ക്രിക്കറ്റിലെ ശക്തമായ സ്വാധീനമായി അവര്‍ മാറുമെന്നായിരുന്നു ഇഷ ഗുഹ വ്യക്തമാക്കിയത്. പുരുഷ ടീമിന് നല്കുന്ന അത്രയും മാച്ച് ഫീസോ കേന്ദ്ര കരാറോ നല്കുന്നില്ലെങ്കിലും ഇന്ത്യന്‍ വനിത ടീമില്‍ ബിസിസിഐ വേണ്ട വിധത്തില്‍ താല്പര്യം എടുക്കുന്നില്ലെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് ഗുഹ പറഞ്ഞു.
ഇന്ത്യന്‍ വനിത ടീം ലോകക്രിക്കറ്റില്‍ സ്വാധീന ശക്തിയായി മാറണമെങ്കില്‍ തുല്യമായ വേതനമില്ലെങ്കിലും തുല്യമായ ബഹുമാനം നല്‍കേണ്ടതുണ്ടെന്ന് ഇഷ വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്ലേയേഴ്സ് അസോസ്സിയേഷന് ഉണ്ടാകേണ്ട് വളരെ അത്യാവശ്യമാണെന്നും മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞു.