ഹര്‍മ്മന്‍പ്രീത് കൗറിന് പരിക്ക്, ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനുണ്ടാവില്ല

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ കളിക്കില്ല. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ഹര്‍മ്മന്‍പ്രീത് കൗര്‍. കൗറിന്റെ അഭാവത്തില്‍ സ്മൃതി മന്ഥാന ടീമിനെ നയിക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള അഞ്ചാം ഏകദിനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ 31ാം ഓവറില്‍ ഹര്‍മ്മന്‍പ്രീതിന്റെ സ്കോര്‍ 30ല്‍ നില്‍ക്കുമ്പോള്‍ ആണ് താരം പിന്മാറിയത്. പിന്നീട് മത്സരത്തില്‍ ഫീല്‍ഡിംഗിനും താരം രംഗത്തെത്തിയില്ല.

താരത്തിന്റെ പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് മാത്രമേ അറിയുള്ളുവെന്നും അത് ടീം മാനേജ്മെന്റും മെഡിക്കല്‍ ടീമും പറയുന്നതാവും കൂടുതല്‍ വ്യക്തത തരിക എന്ന് ടീമിനെ നയിക്കുവാനൊരുങ്ങുന്ന സ്മൃതി മന്ഥാന പറഞ്ഞു.