ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് തിരികെ എത്തുമ്പോള്‍ വനിത ക്രിക്കറ്റിനെക്കാള്‍ പ്രാധാന്യം പുരുഷ ക്രിക്കറ്റിന് നല്‍കുകയാണ് പ്രായോഗികമായ കാര്യം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് മടങ്ങി വരുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ വനിത ക്രിക്കറ്റ് പിന്തള്ളപ്പെടുവാനുള്ള സാധ്യത പ്രതീക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ വനിത ക്രിക്കറ്റ് വിഭാഗം മാനേജിംഗ് ഡയറക്ടര്‍ ക്ലെയര്‍ കോണര്‍. കൊറോണ മാറി ക്രിക്കറ്റ് ഇംഗ്ലണ്ടില്‍ തിരികെ വരുമ്പോള്‍ കൂടുതല്‍ വരുമാന സാഹചര്യമുള്ള പുരുഷ ക്രിക്കറ്റിനാവും പ്രായോഗികമായ മുന്‍ഗണന ബോര്‍ഡ് കൊടുക്കുക എന്നതിനാണ് സാധ്യതയെന്നും ക്ലെയര്‍ വിശ്വസിക്കുന്നു.

ഇംഗ്ലണ്ട് ബോര്‍ഡിന് നേരിടേണ്ടി വരുന്ന കനത്ത സാമ്പത്തിക നഷ്ടത്തിന്റെ തോത് കുറയ്ക്കുവാന്‍ വേണ്ടി ഇംഗ്ലണ്ട് പുരുഷ ടീമിന്റെ മത്സരങ്ങള്‍ കൂടുതലായി ക്രമീകരിക്കുവാനുള്ള ശ്രമമാവും ബോര്‍ഡ് കൈക്കൊള്ളുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ ഇംഗ്ലണ്ട് ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ടോം ഹാരിസണ്‍ 100 മില്യണ്‍ പൗണ്ട് നഷ്ടമാണ് സീസണ്‍ വൈകി ആരംഭിക്കുകയാണെങ്കില്‍ സംഭവിക്കുകയെന്നാണ് പറഞ്ഞത്.

സമ്മറില്‍ ക്രിക്കറ്റ് നടക്കുന്നില്ലെങ്കില്‍ ഇത് 380 മില്യണ്‍ പൗണ്ടായി ഉയരും. ഇതെല്ലാമാണ് ഇത്തരം സമീപനത്തിലേക്ക് ബോര്‍ഡിനെ നയിക്കുവാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ക്ലെയര്‍ വിശ്വസിക്കുന്നത്. താന്‍ പ്രായോഗികമായി കാര്യങ്ങളെ അവലോകനം ചെയ്യുമ്പോള്‍ ഈ സ്ഥിതിയാവും ഉണ്ടാകുകയെന്ന് ക്ലെയര്‍ സൂചിപ്പിച്ചു.

ഇംഗ്ലണ്ട് വനിതകള്‍ ഈ സമ്മറില്‍ ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും നാട്ടില്‍ നേരിടേണ്ടതായിരുന്നു. ഈ രണ്ട് പരമ്പരകളും ഇതുവരെ ഉപേക്ഷിച്ചിട്ടില്ലെങ്കിലും ഇംഗ്ലണ്ട് ബിസിസിഐയുമായി പരമ്പര പുനഃക്രമീകരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളുമായി മുന്നോട്ട് പോകുകയാണ്. ജൂലൈ 1നായിരുന്നു പരമ്പര നടക്കേണ്ടിയിരുന്നത്.