അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഡിയാന്‍ഡ്ര ഡോട്ടിന്‍

വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡിയാന്‍ഡ്ര ഡോട്ടിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഓസ്ട്രേലിയയുടെ കൈകളിൽ ബാര്‍ബഡോസിന്റെ കോമൺവെൽത്ത് ഗെയിംസിലെ 9 വിക്കറ്റ് തോൽവിയ്ക്ക് ശേഷം ആയിരുന്നു ഡോട്ടിന്റെ വിരമിക്കൽ തീരുമാനം.

മത്സരത്തിൽ ഒരോവര്‍ എറിഞ്ഞ താരം 25 റൺസ് വഴങ്ങിയപ്പോള്‍ ബാറ്റിംഗിൽ 22 പന്തിൽ നിന്ന് 8 റൺസാണ് താരം നേടിയത്. തനിക്ക് ഇപ്പോളത്തെ ടീം കള്‍ച്ചറിന്റെ ഭാഗമായി ഒത്തുപോകുവാന്‍ സാധിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.

146 ഏകദിനങ്ങളിലും 126 ടി20 മത്സരങ്ങളിലും കളിച്ച താരത്തിന്റെ അരങ്ങേറ്റം 2008ൽ ആയിരുന്നു. ഏകദിനത്തിൽ 72 വിക്കറ്റും ടി20യിൽ 62 വിക്കറ്റും നേടിയിട്ടുള്ള താരം യഥാക്രമം 3727, 2697 റൺസാണ് ഈ ഫോര്‍മാറ്റുകളിൽ നേടിയിട്ടുള്ളത്.