ബ്രിസ്റ്റോള്‍ ടെസ്റ്റിൽ ഇന്ത്യയെ സമനിലയിലേക്ക് നയിച്ചതിൽ നിര്‍ണ്ണായക പങ്ക് വഹിച്ചത് സ്നേഹ് റാണയുടെ വാലറ്റത്തോടൊപ്പമുള്ള ചെറുത്ത് നില്പായിരുന്നു. ഷഫാലി വര്‍മ്മയും ദീപ്തി ശര്‍മ്മയും അര്‍ദ്ധ ശതകങ്ങള്‍ക്ക് ശേഷം പുറത്തായി ഇന്ത്യ 199/7 എന്ന നിലയിൽ വെറും 34 റൺസ് ലീഡ് മാത്രം കൈവശമുള്ളപ്പോളാണ് സ്നേഹ് റാണ ശിഖ പാണ്ടേ, താനിയ ഭാട്ടിയ എന്നിവരോടൊപ്പം പൊരുതി നിന്ന് ഇന്ത്യയെ 344/8 എന്ന നിലയിലേക്ക് നയിക്കുകയായിരുന്നു.
സ്നേഹ് 80 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ താനിയ ഭാട്ടിയ 44 റൺസാണ് പുറത്താകാതെ നേടിയത്. താനൊരിക്കലും ശതകം ലക്ഷ്യമാക്കിയല്ല ബാറ്റ് ചെയ്തതെന്ന് റാണ പറഞ്ഞു. ഇംഗ്ലണ്ട് താരങ്ങള്‍ സ്ലെഡ് ചെയ്യുന്നുണ്ടായിരുന്നുവെങ്കിൽ തങ്ങള്‍ അതിന് ശ്രദ്ധ കൊടുത്തില്ലെന്നും സ്നേഹ് പറഞ്ഞു.
അടിസ്ഥാനമായ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കൊടുത്ത് പതറാതെ നിന്നതിനാലാണ് ടീമിന് ആവശ്യമായ മത്സര ഫലം ലഭിച്ചതെന്ന് താരം പറഞ്ഞു. മത്സരം അവസാന മണിക്കൂറിലേക്ക് കടന്നപ്പോള്‍ ശതകത്തിന് 26 റൺസ് മാത്രം അകലെയായിരുന്നു സ്നേഹ് റാണ. എന്നാൽ താരം പിന്നീട് വെറും നാല് റൺസാണ് നേടിയത്.
ശതകമല്ലായിരുന്നു ലക്ഷ്യമെന്നും ടീമിന്റെ ആവശ്യം അനുസരിച്ച് മാത്രമാണ് കളിച്ചതെന്നുമാണ് സ്നേഹ് വ്യക്തമാക്കിയത്.