ദി ഹണ്ട്രെഡും ബിഗ് ബാഷും ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും ബെഞ്ച് സ്ട്രെംഗ്ത്ത് വര്‍ദ്ധിപ്പിച്ചു, ഇന്ത്യന്‍ വനിതകള്‍ക്കും അത് പോലെ ഒരു ലീഗ് വേണം – സ്മൃതി മന്ഥാന

Sports Correspondent

Smritimandhana

വനിത ഐപിഎൽ ഇന്ത്യയ്ക്ക് ഏറെ ആവശ്യമുള്ള കാര്യമാണെന്ന് പറ‍ഞ്ഞ് ഇന്ത്യന്‍ വനിത താരം സ്മൃതി മന്ഥാന. ദി ഹണ്ട്രെഡും ബിഗ് ബാഷും മികച്ച ടൂര്‍ണ്ണമെന്റുകളാണ്, അത് വിദേശ താരങ്ങള്‍ക്കും അതാത് രാജ്യങ്ങളിലെ പ്രാദേശിക താരങ്ങള്‍ക്കും ഏറെ ഗുണം ചെയ്തു. ഈ രണ്ട് ടൂര്‍ണ്ണമെന്റുകളും ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെ ബെ‍ഞ്ച് സ്ട്രെംഗ്ത്ത് വളരെ അധികം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അത് പോലെ ഇന്ത്യയിലും ഒരു വനിത ഐപിഎൽ പോലുള്ള ഒന്ന് വരികയാണെങ്കിൽ അത് വലിയ സഹായം ആകുമെന്നും സ്മൃതി വ്യക്തമാക്കി.

ബിഗ് ബാഷിലും ദി ഹണ്ട്രെഡിലും കളിക്കുന്നത് വഴി താരങ്ങള്‍ക്ക് ഏറെ കാര്യങ്ങള്‍ പഠിക്കുവാന്‍ സാധിക്കുന്നുണ്ട്. അതിനാൽ തന്നെ ഭാവിയിൽ ഇത്തരത്തിലൊരു ടൂര്‍ണ്ണമെന്റ് ഇന്ത്യയിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്മൃതി സൂചിപ്പിച്ചു. കഴിഞ്ഞ ഏതാനും സീസണിലായി ബിസിസിഐ ഐപിഎലിനിടെ സാംപിള്‍ രീതിയിൽ വനിത ചലഞ്ചര്‍ ട്രോഫി സംഘടിപ്പിക്കാറുണ്ടെങ്കിലും വെറും മൂന്ന് ടീമുകളും അഞ്ചിൽ താഴെ ദിവസവും മാത്രമാണ് മത്സരം നീണ്ട് നിൽക്കുന്നത്. ഇതിന് സമഗ്രമായ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.