19 സീസണുകള്‍ക്ക് ശേഷം ഓസ്ട്രേലിയന്‍ ഇതിഹാസം കളി മതിയാക്കുന്നു

- Advertisement -

ഓസ്ട്രേലിയയുടെ വനിത ഇതിഹാസ താരം അലെക്സ് ബ്ലാക്ക്വെല്‍ ഈ സീസണ്‍ ബിഗ് ബാഷിന്റെ അവസാനത്തോടെ തന്റെ കളിക്കാരിയെന്ന കരിയറിന് വിരാമം കുറിയ്ക്കുമെന്ന് അറിയിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിഡ്നി തണ്ടറിനെയാണ് പ്രതിനിധീകരിച്ചിരുന്നത്. തന്റെ 19ാം ആഭ്യന്തര ക്രിക്കറ്റ് സീസണാണ് താരം ഇപ്പോള്‍ കളിക്കുന്നത്.

ഇന്നല മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെയുള്ള വിജയത്തിന് ശേഷമാണ് താരം ഈ പ്രഖ്യാപനം നടത്തിയത്. മത്സരത്തില്‍ 47 പന്തില്‍ നിന്ന് താരം 65 റണ്‍സ് നേടിയിരുന്നു.

ഓസ്ട്രേലിയയ്ക്കായി ഏറ്റവും അധികം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ചിട്ടുള്ള താരമാണ് ബ്ലാക്ക്വെല്‍. 2010 ലോക ടി20 വിജയം കുറിച്ച ടീമിനെ നയിച്ചതും താരമായിരുന്നു. ക്രിക്കറ്റ് ന്യു സൗത്ത് വെയില്‍സ് ബോര്‍ഡിന്റെ അംഗമായ താരം സംഘടനയുടെ 160 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യത്തെ വനിത അംഗം കൂടിയാണ്.

Advertisement