ഇന്ത്യയിൽ ടെസ്റ്റ് പരമ്പര ജയിക്കുകയാണ് ലക്ഷ്യമെന്ന് സ്റ്റീവ് സ്മിത്ത്

ഇന്ത്യയിൽ വെച്ച് ഒരു ടെസ്റ്റ് പരമ്പര ജയിക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. നിലവിൽ ടെസ്റ്റ് മത്സരം ജയിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലമാണ് ഇന്ത്യയെന്നും അത് കൊണ്ട് ഇന്ത്യയിൽ വെച്ച് ടെസ്റ്റ് പരമ്പര ജയിക്കുകയെന്നത് തന്റെ ലക്ഷ്യമാണെന്നും സ്റ്റീവ് സ്മിത്ത്.

ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസ് ഒരുക്കിയ പോഡ്‌കാസ്റ്റിൽ ന്യൂസിലാൻഡ് ലെഗ് സ്പിന്നർ ഇഷ് സോഥിയോട് സംസാരിക്കുകയായിരുന്നു സ്റ്റീവ് സ്മിത്ത്. ഒരു ഓസ്‌ട്രേലിയൻ ക്രിക്കറ്റെർ എന്നാൽ നിലയിൽ ആഷസ് പരമ്പര ജയിക്കുന്നതും ലോകകപ്പ് നേടുന്നതുമാണ് വലിയ കാര്യങ്ങൾ. എന്നാൽ ടെസ്റ്റിൽ ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യയിൽ വന്ന് ടെസ്റ്റ് പരമ്പര ജയിക്കുകയെന്നത് തന്റെ ലക്ഷ്യമാണെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നേരിടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ബൗളർ രവീന്ദ്ര ജഡേജയാണെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. ജഡേജയുടെ ചില പന്തുകൾ തിരിയുകയും ചിലത് തെന്നി പോവുകയും ചെയ്യുമെന്നും എന്നാൽ പന്ത് എറിയുമ്പോൾ എല്ലാം ഒരുപോലെ ഇരിക്കുമെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.