ഗ്രനേഡയിൽ ഇന്നലെ നടന്ന നാലാം ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 21 റൺസ് വിജയം സ്വന്തമാക്കിയതോടെ ടി20 പരമ്പരയിൽ ഒപ്പമെത്തി ആതിഥേയര്‍. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 167/6 എന്ന സ്കോര്‍ നേടിയ ശേഷം ദക്ഷിണാഫ്രിക്കയെ 146/9 എന്ന സ്കോറിൽ പിടിച്ചുകെട്ടുകയായിരുന്നു.
പുറത്താകാതെ 25 പന്തിൽ 51 റൺസ് നേടിയ കീറൺ പൊള്ളാര്‍ഡിന്റെ ക്യാപ്റ്റന്റെ ഇന്നിംഗ്സ് ആണ് വിന്‍ഡീസിനെ 167/6 എന്ന സ്കോറിലേക്ക് എത്തിച്ചത്. ടോപ് ഓര്‍ഡറിൽ ലെന്‍ഡൽ സിമ്മൺസ് മാത്രം പൊരുതി നിന്ന് 47 റൺസ് നേടി. 15.3 ഓവറിൽ 101/6 എന്ന നിലയിൽ നിന്ന് ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് വിന്‍ഡീസിനെ ഈ സ്കോറിലേക്ക് നയിച്ചത്.
19 റൺസുമായി പുറത്താകാതെ നിന്ന ഫാബിയന്‍ അല്ലന്‍ വിന്‍ഡീസ് ക്യാപ്റ്റന് മികച്ച പിന്തുണയാണ് നല്‍കിയത്. 2 വീതം വിക്കറ്റുമായി ജോര്‍ജ്ജ് ലിന്‍ഡേയും തബ്രൈസ് ഷംസിയും ദക്ഷിണാഫ്രിക്കന്‍ നിരയിൽ തിളങ്ങി. ലിന്‍ഡേ 16 റൺസും ഷംസി 13 റൺസും മാത്രമാണ് വിട്ട് നൽകിയിട്ടുള്ളത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി ക്വിന്റൺ ഡി കോക്ക് മാത്രമാണ് തിളങ്ങിയത്. 43 പന്തിൽ 60 റൺസ് നേടിയ ഡി കോക്കിന്റെ ഉള്‍പ്പെടെ നാല് വിക്കറ്റ് നേടിയ ഡ്വെയിന്‍ ബ്രാവോ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിലെ 18ാം ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്കയെ തളച്ചിട്ടത്.
എയ്ഡന്‍ മാര്‍ക്രം 20 റൺസ് നേടിയപ്പോള്‍ ആന്‍ഡ്രേ റസ്സൽ 2 വിക്കറ്റ് നേടി.