431 റണ്‍സിന് ഓള്‍ഔട്ട് ആയി ന്യൂസിലാണ്ട്, വാട്‍ളിംഗിനും അര്‍ദ്ധ ശതകം

കെയിന്‍ വില്യംസണിന്റെ ശതകത്തിന് ശേഷം ഹെന്‍റി നിക്കോള്‍സും ബിജെ വാട്‍ളിഗും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ പാക്കിസ്ഥാനെതിരെ ബേ ഓവലില്‍ കൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട്. 155 ഓവറില്‍ നിന്ന് ടീം 431 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

വില്യംസണ്‍ 129 റണ്‍സ് നേടിയപ്പോള്‍ നിക്കോളസ് 56 റണ്‍സും വാട്ളിംഗ് 73 റണ്‍സുമാണ് നേടിയത്. കൈല്‍ ജാമിസണ്‍ 32 റണ്‍സും നേടി. വാട്ളിംഗും ജാമിസണും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടുകെട്ടും നേടിയിരുന്നു. ന്യൂസിലാണ്ട് നിരയില്‍ ഒന്നാം ദിവസം റോസ് ടെയിലറും അര്‍ദ്ധ ശതകം നേടിയിരുന്നു. 70 റണ്‍സാണ് സീനിയര്‍ താരം നേടിയത്.

Shaheenafridi

വാട്ളിംഗിനെ ഷഹീന്‍ അഫ്രീദിയും ജാമിസണെ മുഹമ്മദ് അബ്ബാസും പുറത്താക്കിയപ്പോള്‍ 19 റണ്‍സ് നേടിയ നീല്‍ വാഗ്നറെയും റണ്‍ നേടാത്ത ടിം സൗത്തിയെയും യസീര്‍ ഷാ മടക്കിയയച്ചു. പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദ് നാലും യസീര്‍ ഷാ മൂന്നും വിക്കറ്റ് നേടി.