തനിക്ക് ലോകകപ്പ് സെമിയില്‍ സ്ഥാനക്കയറ്റം നല്‍കിയത് ആശ്ചര്യമായി തോന്നി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് സെമിയില്‍ ന്യൂസിലാണ്ടിനെതിരെ തന്നെ അഞ്ചാമനായി ഇറക്കിയത് അത്ഭുപ്പെടുത്തിയെന്നും അതൊരു ആശ്ചര്യകരമായ തീരുമാനമായാണ് തനിക്ക് തോന്നിയതെന്നും പറ‍ഞ്ഞ് ദിനേശ് കാര്‍ത്തിക്ക്. കുറച്ച് കാലമായി ടി20യില്‍ ഫിനിഷറെന്ന റോളില്‍ കളിച്ച് വരുന്ന താരം ഇന്ത്യയുടെ ടോപ് ഓര്‍ഡറിലെ മൂന്ന് വിക്കറ്റുകള്‍ വെറും 5 റണ്‍സിന് നഷ്ടപ്പെട്ടപ്പോളാണ് ക്രീസിലേക്ക് എത്തുന്നത്.

ടൂര്‍ണ്ണമെന്റില്‍ ഇതുവരെ കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി എന്നിവര്‍ 1452 റണ്‍സ് നേടിയെങ്കിലും സെമിയില്‍ ട്രെന്റ് ബോള്‍ട്ടിന്റെയും മാറ്റ് ഹെന്‍റിയുടെയും ന്യൂബോള്‍ ബൗളിംഗിന് മുന്നില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകരുകയായിരുന്നു. താന്‍ ഏഴാം നമ്പറിലാണ് ബാറ്റ് ചെയ്യുക എന്ന് മത്സരത്തിന് മുമ്പ് തന്നോട് പറഞ്ഞിരുന്നതാണെന്നും അതില്‍ നിന്ന് വിപരീതമായി ബാറ്റ് ചെയ്യേണ്ടി വന്നപ്പോള്‍ താന്‍ അല്പ നേരം ആശ്ചര്യപ്പെട്ടുവെന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു.

താന്‍ ഇത്തരം ഒരു തകര്‍ച്ചയോ അതിന് പിന്നാലെ ഈ തീരുമാനമോ പ്രതീക്ഷിച്ചതല്ല, ടൂര്‍ണ്ണമെന്റില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ അത്ര കണ്ട് ശക്തരായിരുന്നു. രോഹിത്തും വിരാടും പരിക്കേറ്റ് പോകുന്നത് വരെ ശിഖര്‍ ധവാനും തിളങ്ങിയ ടോപ് ഓര്‍ഡറായിരുന്നു ഇന്ത്യയുടെ. രാഹുലും മികവ് പുലര്‍ത്തി. മധ്യ നിരയ്ക്കാണെങ്കില്‍ അധികം അവസരം ലഭിച്ചതുമില്ല ടൂര്‍ണ്ണമെന്റില്‍.

വിക്കറ്റുകളുടെ പതനം തടയുക എന്ന ലക്ഷ്യത്തോടെയാണ് തന്നെ ഈ ദൗത്യം എല്പിച്ചതെന്ന് ദിനേശ് കാര്‍ത്തിക്ക് പറഞ്ഞു. താന്‍ ഷോര്‍ട്സ് ഇട്ട് ഇരിക്കുമ്പോളാണ് തന്നോട് പെട്ടെന്ന് തയ്യാറാകാന്‍ പറയുന്നത്. രാഹുല്‍ പുറത്തായതും താന്‍ പാഡ് കെട്ടുന്നതെയുള്ളുവായിരുന്നു. താന്‍ ഇത്ര പെട്ടെന്ന് വിക്കറ്റ് വീഴുന്നത് പ്രതീക്ഷിച്ചിരുന്നതുമല്ല.

ധോണിയ്ക്ക് കീഴെ മാത്രമേ താന്‍ ബാറ്റ് ചെയ്യുകയുള്ളുവെന്നാണ് ആദ്യം മുതല്‍ പറഞ്ഞത്. തന്നോട് ആവശ്യപ്പെട്ട ദൗത്യം താന്‍ ചെയ്തുവെന്നും വിക്കറ്റ് വീഴ്ചയെ തടയുവാന്‍ തനിക്കായെന്നും ദിനേശ് കാര്‍ത്തിക്ക് പറഞ്ഞു. മൂന്നാം ഓവറിലെത്തി ബോള്‍ട്ടിന്റെ ആദ്യ സ്പെല്‍ കഴിയുമ്പോള്‍ വിക്കറ്റ് വീഴരുതെന്ന് ദൗത്യം താനും ഋഷഭ് പന്തും പാലിച്ചു. എന്നാല്‍ ജെയിംസ് നീഷം തന്നെ പുറത്താക്കുവാന്‍ എടുത്ത ക്യാച്ച് അവിശ്വസനീയമായിരുന്നുവെന്നും ദിനേശ് കാര്‍ത്തിക്ക് പറഞ്ഞു.