ഹസരംഗയുടെ ഇന്നിംഗ്സിനിടയിലും ടീമിന് വിശ്വാസമുണ്ടായിരുന്നു – മെഹ്ദി ഹസന്‍

102/6 എന്ന നിലയില്‍ ലങ്കയെ എറിഞ്ഞ് പിടിച്ച ശേഷം വനിന്‍ഡു ഹസരംഗയുടെ ഇന്നിംഗ്സ് ബംഗ്ലാദേശ് ക്യാമ്പില്‍ ഭീതി പടര്‍ത്തിയെങ്കിലും 33 റണ്‍സ് വിജയം ടീം പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ ഹസരംഗ ഇന്നിംഗ്സിനിടയ്ക്കും ടീമിന് വിജയം നേടുവാനാകുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്നാണ് ബൗളിംഗില്‍ ബംഗ്ലാദേശ് നിരയില്‍ മികച്ച് നിന്ന മെഹ്ദി ഹസന്‍ വ്യക്തമാക്കിയത്.

4 വിക്കറ്റാണ് തന്റെ പത്തോവറില്‍ താരം മുപ്പത് റണ്‍സ് വിട്ട് നല്‍കി നേടിയത്. റണ്‍സ് വിട്ട് നല്‍കാതെ ഡോട്ട് ബോളുകള്‍ എറിയുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അതിനാല്‍ ബാറ്റ്സ്മാന്മാരുടെ ഭാഗത്ത് നിന്ന് പിഴവുണ്ടായെന്നും മെഹ്ദി പറഞ്ഞു. ഹസരംഗ മികച്ച രീതിയിലാണ് ബാറ്റ് വീശിയതെന്നും ക്ലീന്‍ ഹിറ്റിംഗ് ആയിരുന്നു താരത്തിന്റേതെന്നും എന്നാല്‍ ഒരു വിക്കറ്റ് വീണാല്‍ മത്സരം സ്വന്തമാക്കാമെന്ന വിശ്വാസം ടീമിനുണ്ടായിരുന്നുവെന്നും മെഹ്‍ദി പറഞ്ഞു.