അമീര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ചതാണ്, മൂന്നാം ടെസ്റ്റില്‍ താരത്തിനെ ഉള്‍പ്പെടുത്തില്ലെന്ന് സൂചന നല്‍കി വഖാര്‍ യൂനിസ്

പാക്കിസ്ഥാന്‍ താരം മുഹമ്മദ് അമീറിനെ മൂന്നാം ടെസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയില്‍ ഇല്ലെന്ന് വ്യക്തമാക്കി ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. താരം റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് ഏകദിനത്തിലും ടി20യിലും ശ്രദ്ധ കേന്ദ്രീകരിക്കുവാനാണെന്നാണ് വഖാര്‍ യൂനിസ് വ്യക്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ അതിനാല്‍ തന്നെ താരത്തിനെ പരിഗണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നാം ടെസ്റ്റും സൗത്താംപ്ടണിലാണ് നടക്കുന്നത്. അതിനാല്‍ തന്നെ കാലാവസ്ഥ അനുസരിച്ചുള്ള മാറ്റങ്ങള്‍ ടീമില്‍ വന്നേക്കാമെന്നും വഖാര്‍ വ്യക്തമാക്കി. ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് മുമ്പ് അവസാന നിമിഷം മുഹമ്മദ് അമീറും വഹാബ് റിയാസും ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു. പാക്കിസ്ഥാനെ ഇവര്‍ ചതിച്ചുവെന്നാണ് അന്ന് വഖാര്‍ ഉള്‍പ്പെടുന്ന മുന്‍ താരങ്ങള്‍ പറഞ്ഞത്.

ഓഗസ്റ്റ് 21നാണ് ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള മൂന്നാമത്തെ ടെസ്റ്റ് അരങ്ങേറുക.