പരിക്കേറ്റ് അഫ്ഗാന്‍ താരം ഏഷ്യ കപ്പില്‍ നിന്ന് പുറത്ത്

പരിക്കേറ്റ് അഫ്ഗാനിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ വഫാദാര്‍ ഏഷ്യ കപ്പ് ടീമില്‍ നിന്ന് പുറത്ത്. പരിശീലനത്തിനിടെയേറ്റ പരിക്കാണ് താരത്തിനു തിരിച്ചടിയായത്. താരത്തെ പരിശോധിച്ച ടീം ഡോക്ടര്‍മാര്‍ ആറ് ആഴ്ചത്തെ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനു ശേഷം താരം തിരികെ കളത്തിലേക്ക് എത്തുന്നത് പിന്നീട് തീരുമാനിക്കുമെന്നും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ടീമില്‍ നേരത്തെ തന്നെ റിസര്‍വ്വ് താരമായി ഉള്‍പ്പെടുത്തിയിരുന്ന യമീന്‍ അഹമ്മദ്സായി വഫാദാറിനു പകരം അഫ്ഗാനിസ്ഥാന്‍ ടീമിലേക്ക് എത്തും. അഫ്ഗാനിസ്ഥാന്റെ 17 അംഗ ടീമിലെ മൂന്ന് പുതുമുഖ താരങ്ങളില്‍ ഒരാളായിരുന്നു വഫാദാര്‍. 18 വയസ്സുകാരന്‍ താരം ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയിരു്നു. അന്നത്തെ മത്സരത്തില്‍ രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. മുരളി വിജയ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ വിക്കറ്റുകളായിരുന്നു വഫാദാര്‍ നേടിയത്.