ഇത്തരം ആളുകള്‍ കളി കാണാനെത്തി മത്സര സാഹചര്യം മോശമാക്കാതിരിക്കുന്നതാണ് നല്ലത് – വിവിഎസ് ലക്ഷ്മണ്‍

മുഹമ്മദ് സിറാജിനെതിരെ രണ്ടാം ദിവസവും കാണികളില്‍ നിന്ന് മോശം പെരുമാറ്റം ഉയര്‍ന്ന സാഹചര്യത്തില്‍ അതിനെതിരെ വിമര്‍ശനവുമായി വിവിഎസ് ലക്ഷ്മണ്‍. സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിവസം മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറയ്ക്കും എതിരെ കാണികളില്‍ നിന്ന് വംശീയാധിക്ഷേപം ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്ത്യ പരാതി നല്‍കുകയും ചെയ്തു.

ഇന്ന് സിറാജിനെതിരെ വീണ്ടും സംഭവം ഉയര്‍ന്നപ്പോള്‍ താരം അമ്പയറോട് കാര്യം സൂചിപ്പിക്കുകയും ആ കാണികളെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. എസ്‍സിജി പോലുള്ള ഐതിഹാസിക വേദിയില്‍ ഇത്തരം കാഴ്ച കാണേണ്ടി വരുന്നത് വളരെ ദുഃഖകരമായ സംഭവമാണെന്നാണ് ഇന്ത്യന്‍ ഇതിഹാസ താരം വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞത്. ഇത്തരം പരിപാടികള്‍ക്ക് ഒരു സ്ഥാനവും ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ലക്ഷ്മണ്‍ പറഞ്ഞു.

കാണികള്‍ സ്പോര്‍ട്സ് താരങ്ങളെ സ്പോര്‍ട്ടിംഗ് ഫീല്‍ഡില്‍ അസഭ്യം പറയുന്നത് തനിക്ക് മനസ്സിലാകാത്ത കാര്യമാണെന്നും അവര്‍ കളി ആസ്വദിക്കുവാനും താരങ്ങളെ ബഹുമാനിക്കുവാനും വയ്യെങ്കില്‍ എന്തിനാണ് സ്റ്റേഡിയത്തിലേക്ക് വരുന്നതെന്നും വിവിഎസ് വ്യക്തമാക്കി.