അടിച്ച് തകര്‍ത്ത് വിജയ് ശങ്കറും കൂട്ടരും, തമിഴ്നാടിനു 130 റണ്‍സ് ജയം

വിജയ് ശങ്കര്‍ ശതകവും ബാബ ഇന്ദ്രജിത്ത്, അഭിനവ് മുകുന്ദ് എന്നിവര്‍ അര്‍ദ്ധ ശതകങ്ങളും നേടിയ മത്സരത്തില്‍ 130 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി തമിഴ്നാട്. ആസാമിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത തമിഴ്നാട് 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സാണ് നേടിയത്. വിജയ് ശങ്കര്‍(129), ബാബ ഇന്ദ്രജിത്ത്(92), അഭിനവ് മുകുന്ദ്(71) എന്നിവര്‍ക്കൊപ്പം ഓപ്പണര്‍ എന്‍ ജഗദീഷന്‍ 37 റണ്‍സ് നേടിയപ്പോള്‍ തമിഴ്നാട് 334 റണ്‍സ് നേടി.

7 സിക്സും 7 ബൗണ്ടറിയും അടക്കം 99 പന്തില്‍ നിന്നാണ് വിജയ് ശങ്കറുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം. അമിത് സിന്‍ഹ രണ്ടും അരൂപ് ദാസ്, മുഖ്താര്‍ ഹുസൈന്‍ എന്നിവര്‍ ആസാമിനായി ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ആസാം 44.1 ഓവറില്‍ 204 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. യോ മഹേഷ്, ബാബ അപരാജിത്ത്, വരുണ്‍ ചക്രവര്‍ത്തി, രവിശ്രീനിവാസന്‍ സായി കിഷോര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ എം മുഹമ്മദ്, ഷാരൂഖ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും തമിഴ്നാടിനായി നേടി.

45 റണ്‍സ് നേടിയ റയാന്‍ പരാഗ് ആണ് ആസാം നിരയിലെ ടോപ് സ്കോറര്‍. ഗോകുല്‍ ശര്‍മ്മ 42 റണ്‍സും വസീഖുര്‍ റഹ്മാന്‍ 43 റണ്‍സും നേടി.